മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ ചിത്രം
തെന്നിന്ത്യന്‍ സിനിമകള്‍ മികച്ച വിജയങ്ങള്‍ നേടുമ്പോഴും തങ്ങളുടെ പഴയ പ്രതാപത്തിനൊത്തുള്ള വിജയങ്ങള്‍ ബോളിവുഡിനെ സംബന്ധിച്ച് ഇന്ന് അകലെയാണ്. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്ക് ശേഷം സൂപ്പര്‍താരങ്ങളില്‍ ഷാരൂഖ് ഖാന്‍ മാത്രമാണ് മികച്ച വിജയം നേടിയത്. 500 കോടിയും 1000 കോടിയുമൊക്കെ കളക്ഷന്‍ മുന്‍പ് നിഷ്പ്രയാസം നേടിയിരുന്ന ബോളിവുഡില്‍ പല സൂപ്പര്‍താര ചിത്രങ്ങളും ഇന്ന് 100 കോടി പോലും കയറുന്നില്ല. അതേസമയം താരപ്പകിട്ട് ഇല്ലാതെയെത്തുന്ന ചില ചിത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടുന്നുമുണ്ട്. ആ നിരയിലെ പുതിയ എന്‍ട്രിയാണ് ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത സൂപ്പര്‍നാച്ചുറല്‍ കോമഡി ഹൊറര്‍ ചിത്രം മുഞ്ജ്യ.
നിര്‍മ്മാതാക്കളായ മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണിത്. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലും എത്തുന്നു. ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്.
undefined
ഒരു മാസം പിന്നിടാനൊരുങ്ങുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയ നെറ്റ് കളക്ഷന്‍ 100.45 കോടി ആണെന്ന് നിര്‍മ്മാതാക്കളായ മഡ്ഡോക്ക് ഫിലിംസ് അറിയിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ 118.51 കോടിയും ആണ്. 30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി തിയറ്ററുകളില്‍ എത്തിയതോടെ മുഞ്ജ്യയുടെ പ്രതിദിന കളക്ഷനില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്. അതേസമയം പ്രധാന സെന്‍ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്.