ഷാരൂഖ് നേടിയതിന്‍റെ 20 ല്‍ 1 മാത്രം! വീണ്ടും ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ്; മിഷന്‍ റാണിഗഞ്ജ് കളക്ഷന്‍

By Web Team  |  First Published Oct 9, 2023, 5:00 PM IST

അക്ഷയ് കുമാറിനെ നായകനാക്കി ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത ചിത്രം


ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ പ്രിയപുത്രനായിരുന്നു അക്ഷയ് കുമാര്‍. ഖാന്‍ ത്രയത്തേക്കാള്‍ വിജയങ്ങള്‍ നേടിയ, ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉണ്ടായിരുന്ന സൂപ്പര്‍താരം. എന്നാല്‍ അത് ഇന്ന് പഴയ കഥ. കൊവിഡ് കാലത്തിന് ശേഷം വിജയം കണ്ടെത്താന്‍ അമ്പേ പാടുപെടുന്ന താരങ്ങള്‍ക്കൊപ്പമാണ് അക്ഷയ് കുമാറും. 2021 നവംബറിലെത്തിയ സൂര്യവന്‍ശിയും കഴിഞ്ഞ റിലീസ് ആയ ഒഎംജി 2 ഉും ഒഴികെ അക്ഷയ് കുമാറിന്‍റേതായി സമീപകാലത്തെത്തിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ഇവ തന്നെ അദ്ദേഹത്തിന്‍റെ മുന്‍കാല വിജയങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒന്നുമല്ലതാനും. ഇപ്പോഴിതാ, പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രവും ബോക്സ് ഓഫീസില്‍ പരാജയം രുചിക്കുകയാണ്.

അക്ഷയ് കുമാറിനെ നായകനാക്കി ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷന്‍ റാണിഗഞ്ജ് എന്ന ചിത്രത്തിനാണ് ആദ്യ വാരാന്ത്യ കളക്ഷനില്‍ മെച്ചപ്പെട്ട ഒരു സംഖ്യയില്‍ എത്താനാവാതെയിരുന്നത്. 1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ കഥ പറയുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 6 വെള്ളിയാഴ്ച ആയിരുന്നു. 

Latest Videos

undefined

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 2.80 കോടി മാത്രം നേടിയ ചിത്രത്തിന്‍റെ കളക്ഷനില്‍ ശനിയാഴ്ച നേരിയൊരു മുന്നേറ്റം കണ്ടിരുന്നു. 4.80 കോടിയായിരുന്നു ശനിയാഴ്ചയിലെ കളക്ഷന്‍. എന്നാല്‍ ഒരു പുതിയ റിലീസിന് ഏറ്റവുമധികം കളക്ഷന്‍ വരേണ്ട ആദ്യ ഞായറാഴ്ചയും ചിത്രത്തിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ല. 5 കോടി ആയിരുന്നു ഞായറാഴ്ചത്തെ കളക്ഷന്‍. മൂന്ന് ദിനങ്ങള്‍ ചേര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍ വെറും 12.60 കോടി മാത്രം.

ബോളിവുഡില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളായിരുന്ന ജവാനും ഗദര്‍ 2 ഉും ആദ്യ വാരാന്ത്യത്തില്‍ എത്ര നേടി എന്ന് നോക്കിയാല്‍ ആ അന്തരം മനസിലാവും. വ്യാഴാഴ്ച (സെപ്റ്റംബര്‍ 7) റിലീസ് ചെയ്യപ്പെട്ട ജവാന്‍ ഞായര്‍ വരെയുള്ള ആദ്യ വാരാന്ത്യം ഇന്ത്യയില്‍ നിന്ന് നേടിയത് 252.08 കോടി ആയിരുന്നു. ബോളിവുഡിലെ റെക്കോര്‍ഡ് ആണ് ഇത്. സമീപകാലത്തെ മറ്റൊരു ഹിറ്റ് ആയ, സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 മൂന്ന് ദിനം നീണ്ട വാരാന്ത്യത്തില്‍ നിന്ന് നേടിയത് 134.88 കോടി ആയിരുന്നു. അതേസമയം മിഷന്‍ റാണിഗഞ്ജിന്‍റെ ഞായറാഴ്ച കളക്ഷന്‍ ഇത്രയും കുറയാന്‍ മറ്റൊരു കാരണം കൂടി ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകകപ്പിലെ ഇന്ത്യ- ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരമാണ് അത്. തിങ്കളാഴ്ചയോടെ ചിത്രം ഭേദപ്പെട്ട നിലയിലേക്ക് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഈ വാരം കളക്ഷനില്‍ അല്‍പമെങ്കിലും മുന്നേറ്റമുണ്ടാക്കിയാലേ ചിത്രത്തിന് രക്ഷയുള്ളൂ.

ALSO READ : 'ആ കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്'; 'മലൈക്കോട്ടൈ വാലിബനെ'ക്കുറിച്ച് ടിനു പാപ്പച്ചന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!