റിലീസ് വാരാന്ത്യ കളക്ഷൻ 34 കോടി, പക്ഷേ ബജറ്റ് 1175 കോടി! സംവിധായകന്‍റെ 47 വര്‍ഷത്തെ അധ്വാനം വിഫലം

By Web Team  |  First Published Oct 2, 2024, 9:13 PM IST

സംവിധായകന്‍ ഈ സിനിമ ആദ്യം ഭാവന ചെയ്തത് 1977 ല്‍ 


500 കോടി, 1000 കോടി ക്ലബ്ബുകളൊന്നും ഇന്ന് ഇന്ത്യന്‍ സിനിമയ്ക്ക് പുത്തരിയല്ല. എന്നാല്‍ ബജറ്റിലും കളക്ഷനിലുമൊക്കെ ഇന്ത്യന്‍ സിനിമയ്ക്ക് ഇപ്പോഴും മറികടക്കാനാവാത്ത ഉയരങ്ങളിലാണ് ഹോളിവുഡ്. ലോകമാകെ പടര്‍ന്നുകിടക്കുന്ന അതിവിശാലമായ മാര്‍ക്കറ്റ് തന്നെയാണ് അത്രയും പണം മുടക്കി പണം വാരാന്‍ ഹോളിവുഡിലെ വന്‍കിട സ്റ്റുഡിയോകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സിനിമാ വ്യവസായം അടിമുടി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഹോളിവുഡിലും വന്‍ പരാജയങ്ങളുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകരെ തേടുകയാണ്.

ലോകസിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായി വിലയിരുത്തപ്പെടാറുള്ള, ഗോഡ്ഫാദര്‍ ട്രിലജി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സ്വപ്ന ചിത്രം മെഗലോപൊളിസ് ആണ് അമേരിക്കയില്‍ കാണികളില്ലാത്ത തിയറ്ററുകളില്‍ പ്രദര്‍ശന തടസം നേരിടുന്നത്. കപ്പോളയുടെ 47 വര്‍ഷത്തെ പരിശ്രമമാണ് ഈ ചിത്രമെന്ന് പറയാം. ഈ ചിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആദ്യ ചിന്ത മുതല്‍ തിയറ്റര്‍ റിലീസ് വരെയുള്ള കാലം അത്രയും വരും. എപിക് സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെക്കുറിച്ച് കപ്പോള ആദ്യം ഭാവന ചെയ്തത് 1977 ല്‍ ആയിരുന്നു. 1983 ല്‍ തിരക്കഥ എഴുതാനുള്ള വിവരശേഖരണവും മറ്റും ആരംഭിച്ചു. 1989 ല്‍ റോമില്‍ സിനിമ ചിത്രീകരിക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണം അന്നത് മാറ്റിവെക്കേണ്ടിവന്നു. 

Latest Videos

undefined

2001 ലാണ് ഈ പ്രോജക്റ്റ് അദ്ദേഹം വീണ്ടും പൊടിതട്ടി എടുക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ചിത്രം വീണ്ടും ഉപേക്ഷിക്കപ്പെട്ടു. സ്റ്റുഡിയോകളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ അദ്ദേഹം ആ തീരുമാനം എടുത്തു. എന്നെങ്കിലും ഈ ചിത്രം ചെയ്യാന്‍ സാധിച്ചാല്‍ സ്വന്തമായി പണം മുടക്കി അത് ചെയ്യണം. 2011 ല്‍ പുറത്തിറങ്ങിയ ട്വിക്സ്റ്റിന് ശേഷം നീണ്ട 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മറ്റൊരു കപ്പോള ചിത്രം തിയറ്ററുകളില്‍ എത്തിയത്. 2019 ലാണ് സിനിമയിലേക്കുള്ള തന്‍റെ തിരിച്ചുവരവ് അദ്ദേഹം പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ സിനിമയ്ക്ക് വേണ്ട 120 മില്യണ്‍ ഡോളര്‍ (1175 കോടി രൂപ) കണ്ടെത്താന്‍ അദ്ദേഹം തനിക്ക് കാലിഫോര്‍ണിയയിലുള്ള വൈന്‍ ബിസിനസിന്‍റെ ഒരു ഭാഗം വിറ്റു. കൊവിഡ് മഹാമാരി പിന്നെയും നീട്ടിക്കൊണ്ടുപോയ ചിത്രീകരണം പിന്നീട് 2022 നവംബറിലാണ് ആരംഭിക്കാനായത്. 

കാന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. അവിടെവച്ച് തന്നെ വിരുദ്ധാഭിപ്രായങ്ങളാണ് നിരൂപകര്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. തിയറ്റര്‍ റിലീസിന് വിതരണക്കാരെ കണ്ടെത്താനും കപ്പോള ഏറെ കഷ്ടപ്പെട്ടു. അവസാനം ലയണ്‍സ്‍ഗേറ്റ് ആണ് ചിത്രം വിതരണത്തിനെടുക്കാന്‍ സമ്മതിച്ചത്. ഒരു ഫീസ് ഈടാക്കിക്കൊണ്ടാണ് ലയണ്‍സ്ഗേറ്റ് ഇത് സമ്മതിച്ചത്. മാര്‍ക്കറ്റിംഗ് ഫണ്ട് കപ്പോള കണ്ടെത്തണമെന്നും ഡീലില്‍ ഉണ്ടായിരുന്നു.

യുഎസിലും കാനഡയിലുമായി 2000 തിയറ്ററുകളിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 27) ചിത്രം എത്തിയത്. എന്നാല്‍ 1000 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന തെലുങ്ക് ചിത്രം ദേവരയേക്കാള്‍ കുറവാണ് ഈ വമ്പന്‍ ഹോളിവുഡ് ചിത്രം കളക്റ്റ് ചെയ്തത് എന്ന് പറഞ്ഞാല്‍ ബോക്സ് ഓഫീസ് വീഴ്ചയുടെ ആഘാതം മനസിലാവും. വ്യാഴാഴ്ച രാത്രിയിലെ പ്രിവ്യൂ മുതല്‍ ഞായറാഴ്ച വരെ നീളുന്ന ആദ്യ വാരാന്ത്യത്തില്‍ നിന്ന് ചിത്രം നേടിയത് 4 മില്യണ്‍ ഡോളര്‍ (34 കോടി രൂപ) ആണ്. ഒരു ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രത്തെ സംബന്ധിച്ച് നിസ്സാരമാണ് ഈ കളക്ഷന്‍. സമ്മിശ്ര അഭിപ്രായങ്ങളും നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയുമൊക്കെ വന്നതോടെ തിയറ്ററുകളിലേക്ക് ഇനി ചിത്രം പ്രേക്ഷകരെ കാര്യമായി എത്തിക്കാനും സാധ്യത കുറവാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിലൊരാള്‍ മാറിയ കാലത്ത് നേരിടുന്ന വലിയ വീഴ്ചയെ സങ്കടത്തോടെയാണ് ഹോളിവുഡിലെ വലിയൊരു വിഭാഗവും നോക്കിക്കാണുന്നത്. 

ALSO READ : ചിത്രീകരിക്കുന്നത് വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; 'ഗുഡ് ബാഡ് അഗ്ലി'യുടെ 50 ദിവസത്തെ സ്പെയിന്‍ ഷെഡ്യൂളിന് തുടക്കം

click me!