Marakkar : 'പ്രീ-ബുക്കിംഗിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍'! മരക്കാര്‍ റിലീസ് ലോകമാകെ 4100 തിയറ്ററുകളില്‍

By Web Team  |  First Published Dec 1, 2021, 9:31 AM IST

റിലീസ് ദിനത്തില്‍ 16000 പ്രദര്‍ശനങ്ങള്‍


മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' (Marakkar) നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ 4100 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. റിലീസ് ദിനത്തില്‍ ആകെ 16000 പ്രദര്‍ശനങ്ങള്‍. കൂടാതെ പ്രീ-റിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ (100 Crore Club) ഇടംപിടിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് ചിത്രം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുക. ഫാന്‍സ് ഷോകളിലും റെക്കോര്‍ഡ് സൃഷ്‍ടിച്ചാണ് മരക്കാറിന്‍റെ വരവ്. മോഹന്‍ലാല്‍ (Mohanlal) ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്‍തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോകമാകെ 1000 ഫാന്‍സ് ഷോകളുമുണ്ട്. ഫൈനല്‍ ലിസ്റ്റില്‍ എണ്ണം കൂടിയേക്കാം. തമിഴ്, തെലുങ്ക്, ഹിന്ദി സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ചിലപ്പോഴൊക്കെ ലഭിക്കാറുള്ള തിയറ്റര്‍ കൗണ്ട് ആണ് ആഗോള തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ റിലീസ് ലഭിക്കുക ചരിത്ര സംഭവമാണ്. ഇതോടെ റെക്കോര്‍ഡ് ഓപണിംഗ് ആവും ചിത്രം നേടുകയെന്നത് ഉറപ്പായിരിക്കുകയാണ്. 

Latest Videos

undefined

കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും അര്‍ധരാത്രി 12 മണിക്കു തന്നെ ആദ്യ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. പിന്നേറ്റ് അര്‍ധരാത്രി വരെ, 24 മണിക്കൂര്‍ നീളുന്ന തുടര്‍ പ്രദര്‍ശനങ്ങളാണ് പല പ്രധാന തിയറ്ററുകളിലും ചാര്‍ട്ട് ചെയ്‍തിരിക്കുന്നത്. പ്രിയദര്‍ശന്‍റെയും (Priyadarshan) മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് ആണ് മരക്കാര്‍. കൊവിഡ് വരുന്നതിനു മുന്‍പ് റിലീസ് തീയതി തീരുമാനിച്ചിരുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അടക്കം പുറത്തുവിട്ടിരുന്നു. 2019 മാര്‍ച്ചില്‍ എത്തേണ്ടിയിരുന്ന ചിത്രം പക്ഷേ കൊവിഡ് സാഹചര്യത്തില്‍ അനിശ്ചിതമായി നീണ്ടുപോയി. രണ്ടര വര്‍ഷത്തിനിപ്പുറമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

ബജറ്റിലും റെക്കോര്‍ഡ് ഇട്ട ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് ഇത്. കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിരയും അണിനിരന്നിട്ടുണ്ട്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം തിരുനാവുക്കരശ്, എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍. പ്രിയദര്‍ശനൊപ്പം അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

click me!