അത് ഒറ്റ ദിവസത്തെ അത്ഭുതമല്ല! തമിഴ്നാട്ടില്‍ തമിഴ്, ഹോളിവുഡ് ചിത്രങ്ങളെ മറികടന്ന് 'മഞ്ഞുമ്മല്‍ ബോയ്‍സ്'

By Web Team  |  First Published Mar 1, 2024, 12:56 AM IST

തമിഴ്നാട്ടില്‍ ഇതിനകം വന്‍ മൌത്ത് പബ്ലിസിറ്റി ലഭിച്ചിട്ടുണ്ട് ചിത്രത്തിന്


കേരളത്തിന് പുറത്ത് മലയാള സിനിമ സ്ഥിരമായി റിലീസ് ചെയ്യപ്പെടുന്ന നഗരങ്ങളിലൊന്നാണ് ചെന്നൈ. എന്നാല്‍ ചെന്നൈക്ക് പുറത്ത് തമിഴ്നാട്ടില്‍ ആകമാനം സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു മലയാള ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് അപൂര്‍വ്വമാണ്. അതാണ് മലയാളത്തില്‍ നിന്നുള്ള പുതിയ റിലീസ് മഞ്ഞുമ്മല്‍ ബോയ്‍സിന്‍റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കൊടൈക്കനാല്‍ പ്രധാന പശ്ചാത്തലമാക്കുന്ന, പകുതിയിലേറെ സംഭാഷണങ്ങള്‍ തമിഴില്‍ ഉള്ള, കമല്‍ ഹാസന്‍റെ പ്രശസ്ത ചിത്രം ഗുണയുടെ റെഫറന്‍സുകള്‍ ഉള്ള ചിത്രം തമിഴര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തമിഴ് സിനിമയില്‍ നിന്ന് നിലവില്‍ ജനപ്രിയ ചിത്രങ്ങളൊന്നും തിയറ്ററുകളില്‍ ഇല്ല എന്നതും മഞ്ഞുമ്മല്‍ ബോയ്‍സിന് ഗുണകരമായ ഘടകമാണ്. തമിഴ്നാട്ടില്‍ ഇതിനകം വന്‍ മൌത്ത് പബ്ലിസിറ്റി ലഭിച്ചിട്ടുള്ള ചിത്രം അവിടെ ഒരു പ്രധാന ബോക്സ് ഓഫീസ് റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഒരു മലയാള ചിത്രം നേടുന്ന തമിഴ്നാട് കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ മഞ്ഞുമ്മല്‍ ബോയ്സ്. 

Latest Videos

undefined

വ്യാഴാഴ്ച ഏത് ഭാഷാ സിനിമകള്‍ എടുത്താലും തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. ഇപ്പോഴിതാ വെള്ളിയാഴ്ചയും അത് തുടര്‍ന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും തമിഴ് ചിത്രങ്ങളില്‍ ഒന്നാമതുള്ള ജയം രവി ചിത്രം സൈറണെ മഞ്ഞുമ്മല്‍ ബോയ്സ് കളക്ഷനില്‍ മറികടന്നു. അവര്‍ ട്രാക്ക് ചെയ്ത 190 ഷോകളില്‍ നിന്ന് 43 ലക്ഷമാണ് വെള്ളിയാഴ്ച മാത്രം ചിത്രം നേടിയത്. സൈറണ് നേടാനായത് 31 ലക്ഷവും. പുതിയ റിലീസുകള്‍ എത്തുന്ന ദിവസമാണ് വെള്ളിയാഴ്ച. ഇവയൊക്കെ പ്രീ ബുക്കിംഗ് ആരംഭിച്ചെങ്കിലും അവിടെയും മുന്നില്‍ ഈ മലയാള ചിത്രം തന്നെ.

ഗൌതം വസുദേവ് മേനോന്‍ ചിത്രം ജോഷ്വ: ഇമൈ പോല്‍ കാക്ക, ഹോളിവുഡ് ചിത്രം ഡ്യൂണ്‍ 2 എന്നിവയൊക്കെ വെള്ളിയാഴ്ച എത്തുന്നുണ്ട്. പ്രീ ബുക്കിംഗിലൂടെ ജോഷ്വ 26.91 ലക്ഷവും ഡ്യൂണ്‍ 2 18.70 ലക്ഷവുമൊക്കെ നേടിയപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് വെള്ളിയാഴ്ചത്തേക്കുള്ള അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 35.38 ലക്ഷമാണ്! തമിഴ് യുട്യൂബ് ചാനലുകളില്‍ നിറയെ മഞ്ഞുമ്മല്‍ ബോയ്സ് ടീമിന്‍റെ അഭിമുഖങ്ങളും ചര്‍ച്ചകളുമാണ്. ചിത്രത്തിന്‍റെ അണിയറക്കാര്‍ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കമല്‍ ഹാസനെ സന്ദര്‍ശിച്ചിരുന്നു. ഈ വാരാന്ത്യം തമിഴ്നാട്ടിലെ കളക്ഷനില്‍ ചിത്രം അത്ഭുതങ്ങള്‍ കാട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ALSO READ : 'അത് കമല്‍ ഹാസന്‍റെ പേര് പറഞ്ഞതുകൊണ്ടല്ല'; മഞ്ഞുമ്മല്‍ ബോയ്‍സ് പ്രിയസിനിമയെന്ന് 'ഉലകനായകന്‍': വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!