KGF 2 Box Office : റോക്കി ഭായിക്ക് ബോളിവുഡിലും എതിരാളികളില്ല! ഏറ്റവും വേഗത്തില്‍ 250 കോടിയില്‍ ഹിന്ദി പതിപ്പ്

By Web Team  |  First Published Apr 21, 2022, 3:37 PM IST

ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടിയാണ്


തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ നേടുന്ന വന്‍ വിജയങ്ങള്‍ ബോളിവുഡ് വ്യവസായത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാഹുബലി: ദ് ബിഗിനിംഗ് ഇതിന് തുടക്കമിട്ടപ്പോള്‍ അതിന് പില്‍ക്കാലത്ത് സംഭവിച്ചതു പോലെയുള്ള തുടര്‍ച്ച ട്രേഡ് അനലിസ്റ്റുകളൊന്നും പ്രവചിച്ചിരുന്നില്ല. എന്നാല്‍ ബാഹുബലി 2 നു ശേഷം സമീപകാലത്ത് പല തെന്നിന്ത്യന്‍ ചിത്രങ്ങളുടെയും ഹിന്ദി പതിപ്പുകള്‍ വലിയ വിജയങ്ങള്‍ നേടാന്‍ തുടങ്ങിയതോടെ ഇത് ഒരു ട്രെന്‍ഡ് ആയി രൂപപ്പെട്ടിരിക്കുകയാണെന്ന വിലയിരുത്തലാണ് വിവിധ ചലച്ചിത്ര വ്യവസയങ്ങളില്‍ ഉള്ളത്. പുഷ്‍പ, ആര്‍ആര്‍ആര്‍ എന്നിവയ്ക്കു പിന്നാലെ കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2) ന്‍റെ ഹിന്ദി പതിപ്പും നേടുന്ന വിജയമാണ് ബോളിവുഡ് വൃത്തങ്ങളില്‍ നിലവിലെ സജീവ ചര്‍ച്ച. ഇപ്പോഴിതാ കെജിഎഫ് 2 ഹിന്ദി പതിപ്പ് ബോക്സ് ഓഫീസില്‍ ഒരു റെക്കോര്‍ഡും നേടിയിരിക്കുകയാണ്. 

250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പ്. ഏഴ് ദിവസം കൊണ്ടാണ് കെജിഎഫ് 2 ന്റെ നേട്ടം. ബോളിവുഡിന്‍റെ ബോക്സ് ഓഫീസില്‍ നാഴികക്കല്ല് തീര്‍ത്ത ചിത്രങ്ങളെയൊക്കെ ഈ നേട്ടത്തില്‍ പ്രശാന്ത് നീല്‍ ചിത്രം മറികടന്നിരിക്കുകയാണ്. ബാഹുബലി 2, ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവയെയാണ് കെജിഎഫ് 2 250 കോടി ക്ലബ്ബില്‍ എത്താനുള്ള വേഗതയുടെ കാര്യത്തില്‍ മറികടന്നിരിക്കുന്നത്. ബാഹുബലി 2 എട്ട് ദിനങ്ങള്‍ കൊണ്ടായിരുന്നു ഈ നേട്ടത്തില്‍ എത്തിയത്. ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവ പത്ത് ദിനങ്ങളിലും. 

IS THE FASTEST TO HIT ₹ 250 CR...
⭐ : Day 7
⭐ : Day 8
⭐ : Day 10
⭐ : Day 10
⭐ : Day 10
Thu 53.95 cr, Fri 46.79 cr, Sat 42.90 cr, Sun 50.35 cr, Mon 25.57 cr, Tue 19.14 cr, Wed 16.35 cr. Total: ₹ 255.05 cr. biz. pic.twitter.com/VTwDGVOoyd

— taran adarsh (@taran_adarsh)

Latest Videos

അതേസമയം റിലീസ് ചെയ്‍ത മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ മൂന്നാം ഭാഗം വരുമെന്ന പ്രഖ്യാപനം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. 

click me!