100 കോടി ക്ലബ്ബിലേക്ക് തെലുങ്കില്‍ നിന്ന് മറ്റൊരു യുവതാരം; സര്‍പ്രൈസ് ഹിറ്റ് ആയി 'കാര്‍ത്തികേയ 2'

By Web Team  |  First Published Aug 26, 2022, 11:41 AM IST

മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വല്‍ ആണ്


ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായം എന്ന ഖ്യാതി മുന്‍പ് ബോളിവുഡ് ആണ് കൈയാളിയിരുന്നതെങ്കില്‍ ഇന്നത് ടോളിവുഡിനാണ്. എസ് എസ് രാജമൌലിയുടെ ബാഹുബലിയിലൂടെ തുറന്നുകിട്ടിയ പാന്‍ ഇന്ത്യന്‍ വിപണി തെലുങ്ക് സിനിമ ഇന്ന് ആഘോഷിക്കുകയാണ്. തെലുങ്കിനൊപ്പം ബിഗ് ബജറ്റ് കന്നഡ, തമിഴ് ചിത്രങ്ങളും ആ പാത പിന്തുടരുന്നുണ്ട്. ഏറ്റവും പുതിയ തെലുങ്ക് റിലീസുകളുടെ കൂട്ടത്തില്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നത് ഒരു യുവതാര ചിത്രമാണ്. നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്‍ത കാര്‍ത്തികേയ 2 ആണ് ആ ചിത്രം. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക.

മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വല്‍ ആണ്. ചന്ദു മൊണ്ടെട്ടി തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും രചനയും സംവിധാനവും. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു കാര്‍ത്തികേയ. എന്നാല്‍ എട്ട് വര്‍ഷത്തിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ ടോലിവുഡിനു തന്നെ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. തെലുങ്ക് സിനിമയില്‍ തന്നെ വലിയ ആരാധകരുള്ള താരമല്ല നിഖില്‍ സിദ്ധാര്‍ഥ എന്നതാണ് അതിനു പ്രധാന കാരണം. എന്നാല്‍ ചലച്ചിത്ര നിരീക്ഷകരെ അമ്പരപ്പിച്ച വിജയം നേടുകയാണ് കാര്‍ത്തികേയ 2.

Latest Videos

undefined

15 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം ആദ്യ ആറ് ദിനങ്ങളില്‍ നിന്നു മാത്രം 33 കോടി രൂപയാണ് കളക്റ്റ് ചെയ്‍തത്. ഹിന്ദി പതിപ്പിന് ലഭിച്ച സ്വീകരണം എടുത്ത് പറയേണ്ടതുണ്ട്. വെറും 53 ഷോകള്‍ ആയിരുന്നു ഹിന്ദി പതിപ്പിന് റിലീസിംഗ് സമയത്ത് ഉണ്ടായിരുന്നതെങ്കില്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ധിച്ചിരുന്നു. ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 18.40 കോടിയാണ്. കഴിഞ്ഞ വാരം വരെയുള്ള കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 75.33 കോടിയാണ്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. 11 ദിവസത്തെ കളക്ഷന്‍ കൊണ്ടുമാത്രം ചിത്രം നേടിയ ലാഭം 287 ശതമാനം ആണെന്നാണ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്മൊയ്‍യുടെ കണക്ക്. 100 കോടി മാര്‍ക്ക് പിന്നിടും മുന്‍പു തന്നെ അണിയറക്കാര്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

ALSO READ : മൂന്നാം വാരവും 164 തിയറ്ററുകളില്‍; വിസ്‍മയ വിജയമായി 'തല്ലുമാല'

click me!