സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. മികച്ച അഭിപ്രായങ്ങളും ഇനിഷ്യലുമായി സെപ്റ്റംബര്‍ 28 ന് ബോക്സ് ഓഫീസ് യാത്ര തുടങ്ങിയ ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് 82 കോടി ആണ്. എല്ലാ ബിസിനസുകളും ചേര്‍ത്തുള്ള നേട്ടം 100 കോടിയുടെയും. 50 ദിവസങ്ങള്‍ക്കിപ്പുറമാണ് ഈ വിജയ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. റിലീസ് മുതല്‍ ഇങ്ങോട്ട് കണ്ണൂര്‍ സ്ക്വാഡ് ഓരോ വാരവും ഉണ്ടാക്കിയ ബോക്സ് ഓഫീസ് നേട്ടത്തിന്‍റെ കണക്കുകളാണ് ചുവടെ.
വൈഡ് റിലീസിന്‍റെയും ഇന്‍റര്‍നെറ്റ് സാന്ദ്രതയുടെയും ഇക്കാലത്ത് പോസിറ്റീവ് അഭിപ്രായം വരുന്ന ഒരു ചിത്രത്തിന് ഏറ്റവും മികച്ച കളക്ഷന്‍ വരുന്നത് ആദ്യ വാരമാണെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കണ്ണൂര്‍ സ്ക്വാഡ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 48.2 കോടിയാണ് ചിത്രം ആദ്യ വാരം നേടിയത്. പിന്നീടുള്ള ഓരോ വാരവും അത് കുറയാന്‍ തുടങ്ങി. രണ്ടാം വാരം 20 കോടിയും മൂന്നാം വാരം 9 കോടിയുമാണ് കളക്ഷന്‍. നാലാം വാരം അത് 2.8 കോടിയിലേക്കും അഞ്ചാം വാരം 1.4 കോടിയിലേക്കും ചുരുങ്ങി. ആറ്, ഏഴ് വാരങ്ങള്‍ ചേര്‍ത്ത് 60 ലക്ഷം മാത്രമാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്കുകളാണ് ഇവ.
അതേസമയം ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിജയമാണ് ചിത്രം. 2018, ആര്‍ഡിഎക്സ് എന്നിവ ലൈഫ് ടൈം കളക്ഷനില്‍ കണ്ണൂര്‍ സ്ക്വാഡിന് മുന്നില്‍ ഉണ്ട്. എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷന്‍ പട്ടികയില്‍ ആറാമതുമാണ് ഈ മമ്മൂട്ടി ചിത്രം. ആദ്യം പറഞ്ഞ രണ്ട് ചിത്രങ്ങള്‍ കൂടാതെ പുലിമുരുകന്‍, ലൂസിഫര്‍, ഭീഷ്മ പര്‍വ്വം എന്നിവയാണ് ലൈഫ് ടൈം കളക്ഷനില്‍ കണ്ണൂര്‍ സ്ക്വാഡിന് മുന്നില്‍ ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക