ആദ്യ പ്രവര്‍ത്തിദിനത്തില്‍ ബോക്സ് ഓഫീസില്‍ 'പരിക്കേറ്റോ'? കണ്ണൂര്‍ സ്ക്വാഡ് 6 ദിനങ്ങളില്‍ നേടിയത്

By Web Team  |  First Published Oct 4, 2023, 4:42 PM IST

എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തിയ ചിത്രം


മൌത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തുന്ന ചില സിനിമകളെ തോല്‍പ്പിക്കാന്‍ ഒന്നിനുമാവില്ല. പ്രതികൂല കാലാവസ്ഥയ്ക്ക് പോലും. അതിന് തെളിവാണ് പുതിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്. ചിത്രം തിയറ്ററുകളിലെത്തിയ സെപ്റ്റംബര്‍ 28 വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാര്യമായി മഴയുണ്ട്. എന്നിരിക്കിലും ചിത്രത്തിന്‍റെ കളക്ഷനില്‍ ഈ മോശം കാലാവസ്ഥ കാര്യമായി പ്രതിഫലിച്ചിട്ടില്ല.

വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയതിനാലും തിങ്കളാഴ്ച ​​ഗാന്ധിജയന്തിയുടെ പൊതുഅവധി ആയിരുന്നതിനാലും അഞ്ച് ദിവസം നീളുന്ന എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. അപൂര്‍വ്വമായി സംഭവിക്കാറുള്ള ഈ സാഹചര്യം ചിത്രത്തിന് കാര്യമായി ​ഗുണം ചെയ്തു. ഞായറാഴ്ച കഴിഞ്ഞാല്‍ ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്നത് തിങ്കളാഴ്ചയാണ്. അഞ്ച് ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡിന് ശേഷമെത്തുന്ന ആദ്യ പ്രവര്‍ത്തിദിനമായിരുന്നു ചിത്രത്തെ സംബന്ധിച്ച് ചൊവ്വാഴ്ച. എന്നാല്‍ ഈ പരീക്ഷയെയും ചിത്രം മറികടന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം ചൊവ്വാഴ്ച നേടിയത് 2.43 കോടിയാണ്. കേരളത്തിലെ മാത്രം കണക്കാണിത്. ചിത്രം കേരളത്തില്‍ നിന്ന് ആദ്യ ആറ് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 19.83 കോടിയാണ്. 

Latest Videos

undefined

ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 40 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണിത്. വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 2 മില്യണ്‍ ഡോളറും ചിത്രം പിന്നിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ്. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ പ്രതികളെ തേടി കേരളത്തിന് പുറത്ത് പോകുന്ന പൊലീസ് സംഘത്തിന്‍റെ കഥയാണ് പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : 'ആദിപുരുഷ്' മറക്കാം, ബോളിവുഡില്‍ അടുത്ത രാമായണം വരുന്നു; സീതയാവാന്‍ സായ് പല്ലവി, രാമനും രാവണനുമാവുക ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!