ബജറ്റ് 423 കോടി, വാര്‍ണര്‍ ബ്രദേഴ്‌സിന് 'ജോക്കര്‍' നേടിക്കൊടുത്ത ലാഭം എട്ടിരട്ടി

By Web Team  |  First Published Nov 3, 2019, 6:40 PM IST

റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.
 


റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ഹോളിവുഡ് ചിത്രം 'ജോക്കര്‍' നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ! ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ രണ്ടിനായിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം 900 മില്യണ്‍ ഡോളര്‍ (6347 കോടി രൂപ) എന്ന സംഖ്യ പിന്നിട്ടിരിക്കുകയാണെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

undefined

 

60 മില്യണ്‍ ഡോളര്‍ (423 കോടി രൂപ) എന്ന, പ്രധാന ഹോളിവുഡ് പ്രോജക്ടുകളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ ബജറ്റ് ആയിരുന്നു ചിത്രത്തിന്റേത്. നിര്‍മ്മാണ ഘട്ടത്തില്‍ മാത്രം ചെലവ് വന്ന തുകയാണ് ഇത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കഴിച്ച് ചിത്രം വാര്‍ണര്‍ ബ്രദേഴ്‌സ് അടക്കമുള്ള നിര്‍മ്മാതാക്കള്‍ക്ക് 500 മില്യണ്‍ (3526 കോടി രൂപ) ഡോളറിലേറെ ലാഭം ഇതിനകം നേടിക്കൊടുത്തിട്ടുണ്ടെന്നും ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

900 മില്യണ്‍ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്ക് തന്നെയോ എത്തിയേക്കാമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 'ആര്‍-റേറ്റഡ്' ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവില്‍ ജോക്കര്‍. ഡെഡ്പൂളിന്റെ കളക്ഷനെ (783 മില്യണ്‍) മറികടന്നതോടെയാണ് ഇത്. എക്കാലത്തെയും ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതുമാണ് നിലവില്‍ ജോക്കര്‍. അക്വമാന്‍ (1.14 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് റൈസസ് (1.08 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് (1 ബില്യണ്‍) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഡിസി ചിത്രങ്ങള്‍. 

click me!