ആലിയ ഭട്ട് നായികയും നിർമ്മാതാവുമായ ജിഗ്ര ബോക്‌സ് ഓഫീസിൽ പരാജയമായി. പിന്നാലെ സംവിധായകന്‍റെ നീക്കം.
കൊച്ചി: ആലിയ ഭട്ട് നായികയും നിര്‍മ്മാതാവായും എത്തിയ ആക്ഷന്‍ ചിത്രം ജിഗ്ര ബോക്‌സ് ഓഫീസിൽ വന്‍ പരാജയമായി മാറുകയാണ്. ഈ ഘട്ടത്തില്‍ ചിത്രത്തിന്‍റെ സംവിധായകൻ വാസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നതാണ് പുതിയ വാര്‍ത്ത. രണ്ട് ദിവസം മുന്‍പ് വരെ എക്സ് അക്കൗണ്ടില്‍ സജീവമായിരുന്നു വാസൻ ബാല എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ട് അപ്രത്യക്ഷമായിട്ടുണ്ട്.
ആലിയ ഭട്ട് അഭിനയിച്ച ചിത്രത്തിനെതിരെ വന്ന ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിനെതിരെ സംവിധായകന്‍ തന്‍റെ എക്സ് അക്കൗണ്ട് വഴി പ്രതിരോധം തീര്‍ത്തിരുന്നു. ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ, ഒരു സിനിമയുടെ വിജയത്തിന്‍റെ പാരാമീറ്ററായി ബോക്‌സ് ഓഫീസ് താൻ കരുതുന്നില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.
undefined
ഇത് വലിയ ട്രോളായി മാറിയിരുന്നു. ബോക്സോഫീസ് വിജയം എന്നത് ജനങ്ങളുടെ അംഗീകാരത്തിന്‍റെ മറ്റൊരു തെളിവാണെന്ന് അടക്കം പലരും സംവിധായകനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. റിലീസിന് മുമ്പ് ആലിയ ഭട്ടും വേദാംഗ് റെയ്‌നയും സജീവമായി പ്രമോട്ട് ചെയ്ത സിനിമ ബോക്‌സ് ഓഫീസ് പരാജയത്തിന് ശേഷം സംവിധായകന്‍ വാസൻ ബാലയുടെ പടം മാത്രമായി മാറുന്നത് എങ്ങനെ എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നു.
രാജ്കുമാർ റാവുവും തൃപ്തി ദിമ്രിയും അഭിനയിച്ച വിക്കി വിദ്യാ കാ വോ വാല വീഡിയോയുമായി ക്ലാഷിലാണ് ജിഗ്ര റിലീസ് ചെയ്തത്. രാജ് ഷാൻഡില്യ സംവിധാനം ചെയ്ത വിദ്യാ കാ വോ വാല വീഡിയോ ടിക്കറ്റ് വിൻഡോയിൽ ഗംഭീര പ്രകടനം കാണിച്ചില്ലെങ്കിലും, ജിഗ്ര വലിയ പരാജയമായി മാറുകയായിരുന്നു.
കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളായിരുന്നു. ചിത്രം ഇന്ത്യയിൽ ഒമ്പത് ദിവസം കൊണ്ട് 25.35 കോടി രൂപയാണ് നേടിയത്. വിദേശ ജയിലിൽ നിന്ന് വേദാംഗ് അവതരിപ്പിച്ച സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സഹോദരിയുടെ വേഷത്തിലാണ് ജിഗ്രയില്‍ ആലിയ എത്തുന്നത്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഏറ്റവും മോശം ഓപ്പണിംഗ് ലഭിച്ച ആലിയ ഭട്ട് ചിത്രമായിരുന്നു ജിഗ്ര. 80 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ബോക്‌സ് ഓഫീസില്‍ മുടക്ക് മുതല്‍ പോലും നേടില്ലെന്നാണ് വിവരം.
ഏറ്റവും ഗംഭീര സമയത്ത് 80 കോടി പടം ഇറക്കി; കൈ പൊള്ളി ആലിയ ഭട്ട്, ജിഗ്രയ്ക്ക് സംഭവിച്ചത് !