ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം
ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍റെ ജവാന്‍. പഠാന്‍റെ റെക്കോര്‍ഡ് വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്ന നിലയില്‍ സ്വാഭാവികമായും ലഭിച്ച വന്‍ പ്രീ റിലീസ് ഹൈപ്പിന് പിന്നാലെ സെപ്റ്റംബര്‍ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ പഠാന് ലഭിച്ചതുപോലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രമല്ല ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്രവും നെഗറ്റീവുമായ അഭിപ്രായങ്ങളായിരുന്നു. ദക്ഷിണേന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ ഉണ്ടായതെങ്കില്‍ ഉത്തരേന്ത്യയില്‍ അത്രത്തോളം നെഗറ്റീവ് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല പ്രമുഖ നിരൂപകരും മാധ്യമങ്ങളുമൊക്കെ പോസിറ്റീവ് ആണ് പറഞ്ഞത്. അതേതായാലും ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടു ചിത്രം.
നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 129.6 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയത്. ഞായര്‍ വരെ നീണ്ട നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡിലും ചിത്രം വന്‍ കളക്ഷനാണ് നേടിയത്. നാല് ദിവസം കൊണ്ട് 520.79 കോടി! സമ്മിശ്ര അഭിപ്രായത്തിലും ചിത്രം ഇത്തരത്തിലുള്ള പ്രകടനം നടത്തിയത് കിംഗ് ഖാന്‍റെ താരമൂല്യം കൊണ്ടാണെന്നും വിലയിരുത്തലുകള്‍ ഉണ്ടായി. എന്നാല്‍ തിങ്കള്‍ മുതലുള്ള പ്രവര്‍ത്തിദിനങ്ങളിലെ കളക്ഷനില്‍ ചിത്രം കാര്യമായ ഇടിവ് നേരിടുകയാണ്. ആദ്യവാരാന്ത്യത്തിന് ശേഷമുള്ള തിങ്കളാഴ്ച സ്വാഭാവികമായും ഏത് ചിത്രവും കളക്ഷനില്‍ ഇടിവ് നേരിടുക സ്വാഭാവികമാണെങ്കിലും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ താഴേക്ക് താഴേക്ക് പോകുന്നത് ട്രേഡ് അനലിസ്റ്റുകളില്‍ ചെറിയ ഭയം ഉളവാക്കിയിട്ടുണ്ട്.
undefined
റിലീസിന്‍റെ നാലാം ദിനമായിരുന്ന ഞായര്‍ 136 കോടിയാണ് ചിത്രം നേടിയതെങ്കില്‍ തിങ്കളാഴ്ചത്തെ കളക്ഷന്‍ 54.1 കോടി മാത്രമായിരുന്നു. ചൊവ്വാഴ്ചത്തെ കളക്ഷന്‍ വീണ്ടും ഇടിഞ്ഞ് 46.23 കോടി ആയി. നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ട കണക്കനുസരിച്ച് ഏഴാം ദിവസമായ ബുധനാഴ്ചയിലെ ജവാന്‍റെ കളക്ഷനിലും ഇടിവ് തുടരുകയാണ്. ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കളക്ഷനാണ് ബുധനാഴ്ച. 38.91 കോടി. ആദ്യ വാരം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 660.03 കോടിയാണ്. മികച്ച കളക്ഷനാണ് ഇത് എന്നതില്‍ തര്‍ക്കമില്ലെങ്കിലും പഠാന് ശേഷമുള്ള ഷാരൂഖ് ഖാന്‍ ചിത്രമെന്ന നിലയില്‍ ബോളിവുഡിന് ഈ ചിത്രത്തിന്മേലുള്ള പ്രതീക്ഷ ഏറെ വലുതാണ്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം എത്ര നേടുമെന്നതാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ