മെയ് 31 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
കാക്കി സട്ടൈ, പട്ടാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഗരുഡന്‍. സൂരിക്കും എം ശശികുമാറിനുമൊപ്പം മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യദിനം പ്രേക്ഷകരില്‍ നിന്ന് ഭേദപ്പെട്ട അഭിപ്രായം ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
മെയ് 31 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 3.5 കോടി ആയിരുന്നു. രണ്ടാം ദിനം അതിനേക്കാള്‍ കളക്റ്റ് ചെയ്തു ചിത്രം. 4.85 കോടി. ആദ്യ ദിനത്തിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടി കളക്ഷനാണ് മൂന്നാം ദിനമായ ഞായറാഴ്ച ചിത്രം നേടിയിരിക്കുന്നത്. 6.10 കോടി. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. അതേസമയം ഞായറാഴ്ചത്തെ കളക്ഷനില്‍ ഇതിനും മാറ്റമുണ്ടായേക്കാമെന്നും സാക്നില്‍ക് അറിയിച്ചിട്ടുണ്ട്.
undefined
ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രേവതി ശര്‍മ്മ, ശിവദ, റോഷിണി ഹരിപ്രിയന്‍, സമുദ്രക്കനി, മീം ഗോപി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. സംവിധായകന്‍ വെട്രിമാരന്‍റെയാണ് ചിത്രത്തിന്‍റെ കഥ. വെട്രിമാരനും കെ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് സിനിമയിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്‍റെ സിനിമാ അരങ്ങേറ്റം. നന്ദനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട സീഡന്‍ ആയിരുന്നു അത്.