ആ​ഗോള ഓപണിം​ഗില്‍ 'വിക്ര'ത്തെയും മറികടന്ന് 'ബ്രഹ്‍മാസ്ത്ര'; ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നാലാമത്

By Web Team  |  First Published Sep 12, 2022, 8:10 AM IST

ലിസ്റ്റിലെ ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്ന് ഒരേയൊരു എന്‍ട്രി മാത്രം


പ്രഖ്യാപന സമയം മുതല്‍ ബോളിവുഡ് വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമാണ് ബ്രഹ്‍മാസ്ത്ര. അതേസമയം റിലീസ് അടുത്തപ്പോഴേക്ക് ആ പ്രതീക്ഷയ്ക്കൊപ്പം സിനിമാലോകത്തിന് ആശങ്കകളുമുണ്ടായിരുന്നു. കൊവിഡ് കാലത്തിനു ശേഷം ബോളിവുഡ് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്ന ദയനീയ പ്രകടനമാണ് അതിനു കാരണം. സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാറിനോ ആമിര്‍ ഖാനോ പോലും മുന്‍കാല വിജയം തുടരാനാവുന്നില്ല എന്നത് ബോളിവുഡിനെ ഇരുത്തി ചിന്തിപ്പിച്ച കാര്യമാണ്. അതേസമയം തന്നെയാണ് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങള്‍ നേടിയതും. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡിന്‍റെ കടുത്ത ആശങ്കകള്‍ക്ക് ചെറിയൊരളവ് ആശ്വാസം പകരുകയാണ് പുതിയ ചിത്രം ബ്രഹ്‍മാസ്ത്രയുടെ ബോക്സ് ഓഫീസ് പ്രതികരണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 75 കോടി നേടിയ ചിത്രം രണ്ടാം ദിനം 85 കോടിയും നേടി. ഈ വര്‍ഷം ഏറ്റവും മികച്ച ആഗോള ഓപണിംഗ് നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട് ബ്രഹ്‍മാസ്ത്ര.

ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് റിലീസ് ദിനത്തില്‍ 75 കോടി നേടിയ ബ്രഹ്‍മാസ്ത്ര. എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറും പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ രണ്ടും വിജയ് ചിത്രം ബീസ്റ്റുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ആര്‍ആര്‍ആറിന്‍റെ ആഗോള ഓപണിംഗ് 191.5 കോടിയും കെജിഎഫ് 2 ന്‍റേത് 161.3 കോടിയും ബീസ്റ്റിന്‍റേത് 84 കോടിയും ആയിരുന്നു. ലിസ്റ്റിലെ ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്ന് ഒരേയൊരു എന്‍ട്രിയാണ് ഉള്ളത് എന്നത് കൌതുകകരമാണ്. മറ്റ് ഒന്‍പത് ചിത്രങ്ങളും തെന്നിന്ത്യയില്‍ നിന്നാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ട ലിസ്റ്റ് ആണിത്.

Latest Videos

undefined

ALSO READ : വിക്രത്തിന്‍റെ 'കോബ്ര' വിജയമോ? ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

 

ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ആഗോള ഓപണിംഗുകള്‍ (ടോപ്പ് 10)

ആര്‍ആര്‍ആര്‍- 191.5

കെജിഎഫ് ചാപ്റ്റര്‍ 2- 161.3 കോടി

ബീസ്റ്റ്- 84 കോടി

ബ്രഹ്‍മാസ്ത്ര- 75 കോടി

വിക്രം- 61 കോടി

രാധേശ്യാം- 58 കോടി

സര്‍ക്കാരുവാരി പാട്ട- 52.5 കോടി

ഭീംല നായക്- 47.5 കോടി

വലിമൈ- 46 കോടി

ആചാര്യ- 41 കോടി

click me!