ഇത്തരമൊരു ഗ്രാഫ് സിനിമയില്‍ മറ്റൊരു നായകനും ഇല്ല
ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായം ഇന്ത്യന്‍ സിനിമയാണ്. വ്യത്യസ്ത ഭാഷയും സംസ്കാരവുമൊക്കൊയുള്ള ഇന്ത്യ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യന്‍ സിനിമയും. വ്യവസായമെന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായത്. അതില്‍ ഏറ്റവും പ്രധാനം തെന്നിന്ത്യന്‍ സിനിമയുടെ, ബോളിവുഡിനെയും വെല്ലുന്ന വളര്‍ച്ചയാണ്. അതിന് തുടക്കമിട്ടത് എസ് എസ് രാജമൌലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ബാഹുബലിയും.
രാജമൌലിയെപ്പോലെ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസിന്‍റെയും മുന്നോട്ടുള്ള ജീവിതം ബാഹുബലി മാറ്റിമറിച്ചു. അതിന് മുന്‍പ് കരിയറില്‍ ഒരു 100 കോടി ചിത്രം ഇല്ലാതിരുന്ന പ്രഭാസിന് ബാഹുബലി 1 നല്‍കിയത് 650 കോടിയുടെ കളക്ഷനാണ്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും വലിയ പണച്ചെലവുള്ള ചിത്രങ്ങള്‍ പ്രഭാസിനെ മുന്‍നിര്‍ത്തിയാണ് ഒരുങ്ങുന്നത്. ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളും അദ്ദേഹം തന്നെ. പ്രഭാസിന്‍റെ കരിയറിലേക്ക് ആകെ മൊത്തം കണ്ണോടിച്ചാല്‍ കൌതുകകരമായ ചില വിലയിരുത്തലുകള്‍ സാധ്യമാണ്.
undefined
ആകെ അഭിനയിച്ചവയില്‍ അദ്ദേഹത്തിന്‍റെ 36 ശതമാനം ചിത്രങ്ങളും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയവയാണ്. കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്ന, 2003 ല്‍ പുറത്തെത്തിയ രാഘവേന്ദ്ര മുതല്‍ 2023 ല്‍ പുറത്തെത്തിയ ആദിപുരുഷ് വരെ 8 പരാജയ ചിത്രങ്ങളുണ്ട് അദ്ദേഹത്തിന്. ഇപ്പോള്‍ തിയറ്ററുകളില്‍ ഓടുന്ന കല്‍ക്കി 2898 എഡി അദ്ദേഹത്തിന്‍റെ 23-ാം ചിത്രമാണെന്ന് ഓര്‍ക്കണം. 100, 200, 300 കോടി ക്ലബ്ബുകളിലേക്കൊന്നും കയറാതെ നേരിട്ട് 600 കോടി ക്ലബ്ബിലേത്ത് എത്താന്‍ ഭാഗ്യം സിദ്ധിച്ച നടനാണ് പ്രഭാസ്. എട്ട് ചിത്രങ്ങള്‍ പരാജയമാണെങ്കില്‍ 7 ചിത്രങ്ങള്‍ 100 കോടിയുടെ കവാടം കടന്ന് പോയവയുമാണ്.
ബാഹുബലി വരുന്നതിന് തൊട്ടുമുന്‍പ് എത്തിയ മിര്‍ച്ചി ആയിരുന്നു അതിന് മുന്‍പ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ കളക്ഷന്‍. 80 കോടിയാണ് 2013 ല്‍ പുറത്തെത്തിയ ഈ ചിത്രം നേടിയത്. ബാഹുബലി 1 (650 കോടി), ബാഹുബലി 2 ( 1810 കോടി). സാഹൊ (405 കോടി), രാധേ ശ്യാം (214 കോടി), ആദിപുരുഷ് (350 കോടി), സലാര്‍ (720 കോടി), കല്‍ക്കി (ഇതുവരെ 800 കോടി) എന്നിവയാണ് 100 കോടി എന്ന ബോക്സ് ഓഫീസിലെ പ്രാഥമിക നേട്ടം മറികടന്ന് മുന്നോട്ട് പോയ പ്രഭാസ് ചിത്രങ്ങള്‍. ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റില്‍ മാത്രമേ ആലോചിക്കപ്പെടുന്നുള്ളൂ എന്നതിനാല്‍ ബോക്സ് ഓഫീസില്‍ പ്രഭാസ് ചിത്രങ്ങള്‍ നേരിട്ട ഒരു വെല്ലുവിളി ഉണ്ടായിരുന്നു. വന്‍ വിജയം നേടിയാല്‍ മാത്രമേ നിര്‍മ്മാതാവിന് അതുകൊണ്ട് ലാഭം ഉണ്ടാവുമായിരുന്നുള്ളൂ. എന്നാല്‍ കല്‍ക്കി അത്തരമൊരു വിജയം നേടുന്നതോടെ അദ്ദേഹത്തിന്‍റെ താരമൂല്യം വീണ്ടും ഉയരുകയാണ്.
ALSO READ : അരിസ്റ്റോ സുരേഷ് നായകന്‍; 'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ' സെക്കന്‍ഡ് ലുക്ക് എത്തി