റിലീസ് ദിനമായ വ്യാഴാഴ്ച 2.75 കോടി നേടിയ ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ കാര്യമായി ഉണ്ടായില്ല എന്നത് നേട്ടമായി പരിണണിച്ചു
കൊവിഡ് ആദ്യതരംഗത്തിനു പിന്നാലെ തിയറ്ററുകള്‍ തുറന്നപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് സൂപ്പര്‍താര ചിത്രങ്ങളൊക്കെ റിലീസ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ബോളിവുഡില്‍ നിന്ന് അതുണ്ടായില്ല. മറിച്ച് ബിഗ് കാന്‍വാസ് താരചിത്രങ്ങളില്‍ പലതും ഡയറക്റ്റ് ഒടിടി റിലീസിനെയാണ് ആശ്രയിച്ചത്. കൊവിഡില്‍ തിയറ്ററുകള്‍ പ്രതിസന്ധിയെ നേരിട്ട ഒന്നര വര്‍ഷത്തിനിപ്പുറം ആദ്യമായാണ് ഒരു ബോളിവുഡ് സൂപ്പര്‍ചാര ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍തിരിക്കുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ 'ബെല്‍ബോട്ടം' ആണ് ആ ചിത്രം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പ്രധാന കളക്ഷന്‍ വരുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെ പലയിടങ്ങളിലും ഇനിയും തിയറ്റര്‍ തുറന്നിട്ടില്ലാത്ത സാഹചര്യത്തില്‍ തിയറ്റര്‍ റിലീസിനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ഇന്‍ഡസ്ട്രിയില്‍ നിന്നു ലഭിച്ചിരുന്നത്. തങ്ങള്‍ വലിയ പ്രതീക്ഷ വെക്കുന്നില്ലെന്നും 30 കോടി കിട്ടിയാല്‍ത്തന്നെ 100 കോടി കിട്ടിയതുപോലെ കരുതുമെന്നുമായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രീ-റിലീസ് പ്രതികരണം. എന്നാല്‍ ആദ്യദിനത്തില്‍ കളക്ഷനില്‍ ചിത്രം നിരാശപ്പെടുത്തിയെങ്കിലും ബോക്സ് ഓഫീസില്‍ അടിപതറാതെ പിടിച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
റിലീസ് ദിനമായ വ്യാഴാഴ്ച 2.75 കോടി നേടിയ ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ കാര്യമായി ഉണ്ടായില്ല എന്നത് നേട്ടമായി പരിണണിച്ചു. തുടര്‍ന്നുള്ള വാരാന്ത്യ ദിനങ്ങളില്‍ ഈ മൗത്ത് പബ്ലിസിറ്റി മൂലം ചിത്രത്തിന് നേട്ടമുണ്ടാക്കാനായി. വെള്ളി- 2.75 കോടി, ശനി- 3.25 കോടി, ഞായര്‍- 4.50 കോടി എന്നിങ്ങനെയാണ് തുടര്‍ദിനങ്ങളിലെ കളക്ഷന്‍ കണക്ക്. തിങ്കളാഴ്ചത്തെ കളക്ഷനിലേക്കാണ് ട്രേഡ് അനലിസ്റ്റുകളുടെ നോട്ടം. തിങ്കളാഴ്ച 2 കോടിയെങ്കിലും ചിത്രം നേടിയാല്‍ നേട്ടം എന്നതാണ് വിലയിരുത്തല്‍. അതേസമയം ആദ്യം വരുന്ന കണക്കുകള്‍ പ്രകാരം 2 കോടിക്ക് താഴെയാണ് (1.78-1.98 കോടി) ചിത്രം തിങ്കളാഴ്ച നേടിയത്. എന്നിരുന്നാലും ചിത്രം ഇതിനകം 15 കോടി പിന്നിട്ടെന്നാണ് വിലയിരുത്തല്‍. ഇത്രയും പ്രതികൂല സാഹചര്യത്തില്‍ നടന്ന ഒരു റിലീസിനെ സംബന്ധിച്ച് അത് സിനിമാവ്യവസായത്തിന് പ്രതീക്ഷ നല്‍കുന്ന ഒന്നായാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. മറ്റു പ്രധാന റിലീസുകള്‍ ഇല്ലാത്തതിനാല്‍ ചിലപ്പോള്‍ ആഴ്ചകളോളം സോളോ റണ്‍ ലഭിക്കാം എന്നതും തമിഴ്നാട്ടിലുള്‍പ്പെടെ തിയറ്ററുകള്‍ തുറന്നതും നേട്ടമാകുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ആയിരത്തില്‍ താഴെ തിയറ്ററുകളില്‍ മാത്രമായിരുന്നു ചിത്രം തുടക്കത്തില്‍ റിലീസ് ചെയ്യപ്പെട്ടത്.
undefined
പ്രതിസന്ധി ഘട്ടത്തിലെ തിയറ്റര്‍ റിലീസിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് റിലീസിനു മുന്‍പ് അക്ഷയ് കുമാര്‍ വിശദീകരിച്ചത് ഇങ്ങനെ- "ബോളിവുഡ് ചിത്രങ്ങളുടെ അഖിലേന്ത്യാ കളക്ഷന്‍റെ 30 ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. അപ്പോള്‍ ബാക്കി 70 ശതമാനം മാത്രമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ തന്നെ തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. അതായത് വീണ്ടും 35 ശതമാനമായി കാണികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പക്ഷേ ആ 35ല്‍ 5-8 ശതമാനം മാത്രം കളക്ഷനായിരിക്കും ലഭിക്കുക. കാരണം ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ല എന്നതുതന്നെ. ആയതിനാല്‍ ഇപ്പോള്‍ 30 കോടി നേടിയാല്‍ 100 കോടി പോലെയും 50 കോടി നേടിയാല്‍ 150 കോടി പോലെയുമാണ്", അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു.
രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona