അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം
ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഒരുകാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയായ താരവും. എന്നാല്‍ കൊവിഡ് കാലം മുതല്‍ ഇങ്ങോട്ട് ബോക്സ് ഓഫീസില്‍ കഷ്ടകാലമാണ് അക്ഷയ് കുമാറിന്. ബോളിവുഡ് വ്യവസായം തന്നെ അടിമുടി തകര്‍ന്നുപോയ സമയത്തെ പരാജയങ്ങള്‍ നീതീകരിക്കാമായിരുന്നുവെങ്കിലും ഷാരൂഖ് ഖാന്‍ രണ്ട് 1000 കോടി വിജയങ്ങള്‍ നേടിക്കഴിഞ്ഞതിന് ശേഷവും അക്ഷയിന് തന്‍റെ ട്രാക്കിലേക്ക് എത്താനാവുന്നില്ല എന്നത് സിനിമാലോകത്തെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ റിലീസ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അക്ഷയ് കുമാറിനൊപ്പം ടൈഗര്‍ ഷ്രോഫും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍ പ്രതിനായകനായെത്തുന്നത് മലയാളത്തിന്‍റെ പൃഥ്വിരാജ് ആണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഏപ്രില്‍ 10 നായിരുന്നുവെങ്കിലും പിന്നീട് റിലീസ് ഒരു ദിവസം മുന്നോട്ട് നീക്കിയിരുന്നു. പ്രീ ബുക്കിംഗിലെ പ്രതികരണം മോശമായതുകൊണ്ടാണ് റിലീസ് ഒരു ദിവസം തള്ളിയതെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
undefined
റിലീസ് ദിനത്തില്‍ ഭേദപ്പെട്ടതെന്നും മോശമെന്നും അഭിപ്രായം ലഭിച്ച ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 15.50 കോടിയാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍ക് അറിയിക്കുന്നു. 300 കോടിയിലേറെ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തെ സംബന്ധിച്ച് മോശം ഓപണിംഗ് ആണ് ഇതെങ്കിലും അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ നിലവിലെ സ്ഥിതി പരിഗണിക്കുമ്പോള്‍ ഓപണിംഗ് ഇരട്ട അക്കത്തില്‍ എത്തി എന്നത് പോസിറ്റീവ് ആയി ചില ട്രാക്കര്‍മാര്‍ വിലയിരുത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ആദ്യദിനം നേടിയ ഒക്കുപ്പന്‍സി 32.80 ശതമാനമായിരുന്നു. കൂടുതലും മോശം അഭിപ്രായമായതിനാല്‍ വാരാന്ത്യ ദിനങ്ങളിലും ബോക്സ് ഓഫീസില്‍ ചിത്രം അത്ഭുതമൊന്നും പ്രവര്‍ത്തിക്കുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നില്ല. അങ്ങനെ വിജയത്തിനായുള്ള അക്ഷയ് കുമാറിന്‍റെ കാത്തിരിപ്പ് തുടരുകയാണ്.
ALSO READ : രണ്ടര മണിക്കൂര്‍ ഫണ്‍ റൈഡിന് ക്ഷണിച്ച് ഫഹദും പിള്ളേരും; 'ആവേശം' റിവ്യൂ