100 കോടിക്ക് താഴെ പടമെടുക്കുന്നത് എങ്ങനെ? പരാജയങ്ങളിൽ പഠിക്കാതെ ബോളിവുഡ്; ദേവ്‍ഗണ്‍ ചിത്രം 4 ദിവസത്തിൽ നേടിയത്

By Web Team  |  First Published Aug 6, 2024, 4:31 PM IST

നീരജ് പാണ്ഡേ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം


ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ നേരിടുന്ന ഒരു പ്രതിസന്ധി ഉയര്‍ന്ന ബജറ്റ് ആണ്. ഒരു പ്രമുഖ താരമാണ് നായകനെങ്കില്‍ 100 കോടിക്ക് താഴെയുള്ള മുതല്‍മുടക്കിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാന്‍ പോലും ആവില്ലെന്ന് തോന്നും. അതേസമയം ആ നിരയിലെത്തുന്ന ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടാനാവാതെ പരാജയമടയുകയുമാണ്. അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ഔറോണ്‍ മേം കഹാം ദും ധാ എന്ന ചിത്രമാണ് ആ ലിസ്റ്റിലെ പുതിയ ചിത്രം.

നീരജ് പാണ്ഡേ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം റൊമാന്‍റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഓഗസ്റ്റ് 2 വെള്ളിയാഴ്ചയായിരുന്നു റിലീസ്. വലിയ പ്രീ റിലീസ് ഹൈപ്പ് ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ നേടാനായത് 1.85 കോടി രൂപ മാത്രമാണ്. ശനി, ഞായര്‍ ദിനങ്ങളില്‍ അത് അല്‍പം ഉയര്‍ന്നു. ശനിയാഴ്ച 2.15 കോടിയും ഞായറാഴ്ച 2.75 കോടിയുമാണ് ചിത്രം നേടിയത്. എന്നാല്‍ ആദ്യ തിങ്കളാഴ്ച കളക്ഷനില്‍ വലിയ ഇടിവും സംഭവിച്ചു. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 1.04 കോടിയാണ് തിങ്കളാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. അങ്ങനെ ആദ്യ നാല് ദിനങ്ങളിലെ ഇന്ത്യന്‍ കളക്ഷന്‍ 8.23 കോടിയാണ്. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്.

Latest Videos

undefined

അജയ് ദേവ്ഗണിന്‍റെ താരമൂല്യം പരിഗണിക്കുമ്പോള്‍ കളക്ഷനില്‍ വലിയ കുറവാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 2009 ന് ശേഷം ഒരു അജയ് ദേവ്‍ഗണ്‍ ചിത്രം നേടുന്ന ഏറ്റവും മോശം ഓപണിംഗ് ആണ് ഇത്. അജയ് ദേവ്‍ഗണിന്‍റെ ഈ വര്‍ഷത്തെ മറ്റ് റിലീസുകളുടെ ഓപണിംഗ് അറിയുമ്പോഴേ ഈ തകര്‍ച്ചയുടെ ആഴം മനസിലാവൂ. അദ്ദേഹം നായകനായ മൈദാന്‍ എന്ന ചിത്രം  7.25 കോടിയും ശെയ്ത്താന്‍ എന്ന ചിത്രം 15.21 കോടിയും ആദ്യ ദിനം നേടിയിരുന്നു. അക്ഷയ് കുമാറിന്‍റെ സമീപകാല റിലീസ് സര്‍ഫിറ പോലും പുതിയ അജയ് ദേവ്‍ഗണ്‍ ചിത്രത്തേക്കാളേറെ നേടിയിരുന്നു. 2.4 കോടി ആയിരുന്നു സര്‍ഫിറയുടെ ഓപണിംഗ് ബോക്സ് ഓഫീസ്.

ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!