സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ചെന്നൈ: ആഭ്യന്തര ബോക്‌സ് ഓഫീസിൽ മാന്യമായ ഓപ്പണിംഗ് നേടി തമിഴ് ചിത്രം അരൺമനൈ 4. ഹൊറർ കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുന്ദർ സിയാണ്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയത്.
അരൺമനൈ 4 ആദ്യ ദിനം ഇന്ത്യയിൽ ഏകദേശം 3.60 കോടി നേടി. വെള്ളിയാഴ്‌ച മൊത്തത്തിൽ 36.04% ആയിരുന്നു ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി. ആവണി സിനിമാക്‌സിന്‍റെ ബാനറിൽ ഖുശ്ബു സുന്ദറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ രചന സുന്ദര്‍ സി തന്നെയാണ്. ഏപ്രിൽ 26ന് തിയേറ്ററുകളിൽ അരൺമനൈ 4 എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് റിലീസ് മെയ് 3ലേക്ക് മാറ്റുകയായിരുന്നു.
undefined
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം വിവിധ റിവ്യൂകളില്‍ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സുന്ദർ സിയുടെ അരൺമനൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വരുന്നത്.
അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.
2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്.
ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! 'ഗര്‍ര്‍ര്‍...'ന്‍റെ രസകരമായ ടീസർ