Annaatthe Box Office | മൂന്നാം വാരത്തിലും ബോക്സ് ഓഫീസില്‍ കാലിടറാതെ 'അണ്ണാത്തെ'; രജനി ചിത്രം ഇതുവരെ നേടിയത്

By Web Team  |  First Published Nov 19, 2021, 9:10 PM IST

നെഗറ്റീവ് അഭിപ്രായങ്ങളിലും വീഴാതെ രജനി ചിത്രം


രജനീകാന്ത് (Rajinikanth) ആരാധകരെ പൂര്‍ണ്ണമായും തൃപ്‍തിപ്പെടുത്തിയ ഒരു ചിത്രം അവസാനമായി തിയറ്ററുകളിലെത്തിയത് 2019ലാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്‍ത 'പേട്ട'യായിരുന്നു ആ ചിത്രം. പിന്നീട് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ 'ദര്‍ബാറും' ഇത്തവണ ദീപാവലി റിലീസ് ആയെത്തിയ 'അണ്ണാത്തെ'യും (Anaatthe) പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാലും രജനീകാന്ത് എന്ന താരത്തിന്‍റെ ബോക്സ് ഓഫീസ് സ്വാധീനം ഈ ചിത്രങ്ങളും അടിവരയിടുന്നു. ദീപാവലി റിലീസ് ആയി ഈ മാസം 4നാണ് അണ്ണാത്തെ തിയറ്ററുകളിലെത്തിയത്. മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കാനായി.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ ആദ്യമായി തിയറ്ററുകളിലേക്ക് തിരികെയെത്തിയ ചിത്രം ശിവകാര്‍ത്തികേയന്‍റെ ഡോക്ടര്‍ ആയിരുന്നു. ഡോക്ടര്‍ തിയറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെയാണ് അണ്ണാത്തെ എത്തുന്നത്. 50 ശതമാനം കാണികള്‍ ആയിരുന്നിട്ടും റിലീസ് ദിനം മുതല്‍ നിരവധി നെഗറ്റീവ് റിവ്യൂസ് വന്നിട്ടും ചിത്രം മികച്ച പ്രകടനമാണ് ബോക്സ് ഓഫീസില്‍ ഇപ്പോഴും നടത്തുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയത് 228 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസത്തെ കണക്കാണ് ഇത്. ഈ വാരാന്ത്യത്തോടെ 250 കോടിയിലേക്ക് ചിത്രം എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Latest Videos

undefined

 

തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം ഇതിനകം നേടിയത് 142.05 കോടിയാണ്. കര്‍ണ്ണാടകത്തില്‍ നിന്ന് 11 കോടിയും ചിത്രം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ തമിഴ് റിലീസുകളില്‍ ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച തമിഴ് ചിത്രവും ഇതുതന്നെ. അജിത്ത് കുമാര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ശിവ ആദ്യമായി രജനീകാന്തിനെ നായകനാക്കിയ അണ്ണാത്തെയില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു തുടങ്ങി വലിയ താരനിരയുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് 1200 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.

click me!