കിം​ഗ് ഖാനും സണ്ണി ഡിയോളിനും ചെക്ക് വച്ചോ രണ്‍ബീര്‍? 'അനിമല്‍' ആദ്യദിനം നേടിയത്

By Web TeamFirst Published Dec 2, 2023, 9:21 AM IST
Highlights

ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം

കൊവിഡ് കാലം ഏല്‍പ്പിച്ച പരിക്കില്‍ നിന്ന് ബോളിവുഡ് എഴുന്നേറ്റ് നിന്ന വര്‍ഷമാണ് 2023. ഹിന്ദി സിനിമയുടെ കിം​ഗ് ഖാന്‍, ഷാരൂഖ് ഖാന്‍ ആണ് അതിന്‍റെ പതാകാവാഹകനായത്. തിയറ്ററുകളിലേക്ക് ആളെത്തി തുടങ്ങിയെങ്കിലും പഴയ മട്ടിലുള്ള വിജയങ്ങള്‍ സാധ്യമാവാതെയിരുന്ന ബോളിവുഡില്‍ രണ്ട് 1000 കോടി വിജയങ്ങളാണ് ഒരൊറ്റ വര്‍ഷം ഷാരൂഖ് നേടിയത്. ജനുവരിയില്‍ എത്തിയ പഠാനും സെപ്റ്റംബറില്‍ എത്തിയ ജവാനും. സണ്ണി ഡിയോളിന്‍റെ ​ഗദര്‍ 2 അടക്കം വേറെയും വിജയചിത്രങ്ങള്‍ ഈ വര്‍ഷം ഹിന്ദിയില്‍ ഉണ്ട്. ഇപ്പോഴിതാ വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങുകയാണ്.

ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 52- 53 കോടി രൂപ ആദ്യദിനം നേടുമെന്ന് ട്രാക്കര്‍മാരായ ബോക്സ് ഓഫീസ് ഇന്ത്യ അറിയിക്കുന്നു. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയും അതിന്‍റെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിം​ഗും ഒരുക്കിയ സന്ദീപ് റെഡ്ഡി വാം​ഗ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ കൂടിയായിരുന്നു ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ്. തെലുങ്ക് സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നതെന്നാണ് വിവരം. ബോക്സ് ഓഫീസ് ഇന്ത്യ പറയുന്നതനുസരിച്ച് മൊഴിമാറ്റ പതിപ്പുകളില്‍ നിന്നായി ചിത്രം 10 കോടി നേടുമെന്നാണ് വിവരം. നെറ്റ് കളക്ഷനാണ് ഇത്. എല്ലാ ഭാഷകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്ന് ചിത്രം നേടാന്‍ സാധ്യതയുള്ള നെറ്റ് കളക്ഷന്‍ 63- 65 കോടി ആവുമെന്നാണ് കരുതപ്പെടുന്നത്.

Latest Videos

ഇതോടെ ബോളിവുഡ് ചിത്രങ്ങളുടെ ഹിന്ദി പതിപ്പ് മാത്രം പരി​ഗണിക്കുമ്പോള്‍ ഏറ്റവും മികച്ച മൂന്നാമത്തെയോ നാലാമത്തെയോ ഓപണിം​ഗ് ആവും അനിമല്‍. എല്ലാ ഭാഷാചിത്രങ്ങളും പരി​ഗണിക്കുമ്പോള്‍ എക്കാലത്തെയും ഏറ്റവും മികച്ച രണ്ടാമത്തെ ഇന്ത്യന്‍ ഓപണിം​ഗും ആയേക്കും ചിത്രം. പഠാനെയും (57 കോടി) കെജിഎഫ് 2 (53.95 കോടി), വാര്‍ (53.35 കോടി) എന്നീ ചിത്രങ്ങളെയൊക്കെ മറികടക്കും ചിത്രം. കണക്കുകൂട്ടലുകള്‍ ശരിയെങ്കില്‍ ജവാന്‍ മാത്രമാവും ഇന്ത്യന്‍ ഓപണിം​ഗില്‍ അനിമലിന് മുന്നില്‍ ഉണ്ടാവുക. 

ALSO READ : മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 തെന്നിന്ത്യന്‍ സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!