വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
വിഷു റിലീസുകളായെത്തിയ ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനവുമായി മുന്നേറുകയാണ് നസ്‍ലെനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന. റിലീസ് ദിനം മുതല്‍ ഓരോ ദിവസവും കളക്ഷന്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.65 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച ഇത് 2.8 കോടിയായി വര്‍ധിച്ചു. എന്നാല്‍ അതിനേക്കാള്‍ മുന്നേറ്റമാണ് ചിത്രം മൂന്നാം ദിനമായ ശനിയാഴ്ച നേടിയിരിക്കുന്നത്.
സാക്നില്‍കിന്‍റെ തന്നെ കണക്ക് പ്രകാരം ശനിയാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 3.51 കോടിയാണ്. അങ്ങനെ ആദ്യ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 8.96 കോടി നെറ്റും വിദേശത്തുനിന്ന് മറ്റൊരു 2.25 കോടിയും. പ്രേമലുവിന്റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന നസ്‍ലെന്‍ ചിത്രം എന്ന നിലയില്‍ മരുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിട്ടുണ്ട് ഈ ചിത്രം. പ്രേമലുവിന് ശേഷം ഐ ആം കാതലന്‍ എന്ന ചിത്രം എത്തിയിരുന്നുവെങ്കിലും അത് അത്ര വിജയമായിരുന്നില്ല.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.