ടിനു പാപ്പച്ചന്‍റെ രണ്ടാം ചിത്രം
പ്രതികൂല സാഹചര്യത്തിലും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കി ആന്‍റണി വര്‍ഗീസ് (Antony Varghese) നായകനായ 'അജഗജാന്തരം' (Ajagajantharam). ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 23ന് ആണ് എത്തിയത്. നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്‍റെ 25 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 25 ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒപ്പം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ആകെയുള്ള കണക്കാണ് ഇത്.
'സ്വാതന്ത്രം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‍ത ചിത്രമാണ് അജഗജാന്തരം. ആന്‍റണി വര്‍ഗീസ് തന്നെയാണ് രണ്ട് ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു ആവിഷ്‍കരിച്ചിരിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.
ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്‍റെ ബീറ്റുകള്‍ യുവപ്രേക്ഷകര്‍ പല തിയറ്ററുകളിലും ചുവടുകള്‍ വച്ച് ആഘോഷമാക്കിയിരുന്നു. അര്‍ജുന്‍ അശോകന്‍, സാബുമോന്‍ അബ്‍ദുസമദ്, സുധി കോപ്പ, ലുക്മാന്‍ അവറാന്‍, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി, ബിട്ടോ ഡേവിസ്, വിജിലേഷ് കരയാട്, സിനോജ് വര്‍ഗീസ്, ശ്രീ രഞ്ജിനി, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം നടയ്ക്കല്‍ ഉണ്ണികൃഷ്‍ണന്‍ എന്ന ആനയും ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലുണ്ട്.