സിബി മലയിലിന്റെ സംവിധാനത്തിൽ 2000ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് വലിയ പരാജയം ആണ് നേരിട്ടത്.
ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണത്തോടൊപ്പം ഭേദപ്പെട്ട കളക്ഷനും ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് അല്പം പ്രയാസമേറിയ കാര്യമാണ്. എന്നാൽ മലയാള സിനിമയെ സംബന്ധിച്ച് 2024 മികച്ചൊരു വർഷം ആയിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ഇറങ്ങിയ ഭൂരിഭാഗം സിനിമകളും മികച്ച വിജയമാണ് ബോക്സ് ഓഫീസിൽ അടക്കം സ്വന്തമാക്കിയത്. ഈ അവസരത്തിൽ പഴയൊരു ചിത്രം വീണ്ടും റിലീസ് ചെയ്താൽ എന്താകും അവസ്ഥ. അങ്ങനെ ഒരു സിനിമ സമീപകാലത്ത് റിലീസ് ചെയ്തിരുന്നു. അതും ഇരുപത്തി നാല് വർഷങ്ങൾക്ക് ശേഷം.
മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ ആണ് ആ സിനിമ. സിബി മലയിലിന്റെ സംവിധാനത്തിൽ 2000ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് വലിയ പരാജയം ആണ് നേരിട്ടത്. പക്ഷേ ചിത്രത്തിലെ പാട്ടുകളും ബിജിഎമ്മും കഥാപാത്രങ്ങളും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ രണ്ടാം വരവിൽ വൻവരവേൽപ്പാണ് ദേവദൂതന് ലഭിച്ചിരിക്കുന്നത്. ഫോർ കെ ദൃശ്യമികവോടെ റി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. പ്രത്യേകിച്ച് യുവതലമുറ.
undefined
ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ആദ്യദിനം മുതൽ ദേവദൂതൻ കാഴ്ചവയ്ക്കുന്നത്. നിലവിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ഈ അവസരത്തിൽ ഇരുവരെ മോഹൻലാൽ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.20 കോടിയാണ് ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു പരാജയ ചിത്രം വീണ്ടും തിയറ്ററിൽ എത്തിയപ്പോൾ കിട്ടിയ മികച്ചൊരു കളക്ഷനാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ജൂലൈ 26ന് ആയിരുന്നു ദേവദൂതൻ തിയറ്ററുകളിൽ റി റിലീസ് ചെയ്തത്. ആദ്യദിനം 56 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 100 ആയി വർദ്ധിപ്പിച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തിയറ്റർ കൗണ്ടിൽ വലിയ വ്യത്യാസമുണ്ട്. 100ൽ നിന്നും 143 തിയറ്ററുകളിലാണ് ദേവദൂതൻ പ്രദർശിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..