ആടുജീവിതം മാര്‍ച്ച് 28 നാണ് എത്തിയതെങ്കില്‍ ആവേശത്തിന്‍റെ റിലീസ് ഏപ്രില്‍ 11 ന് ആയിരുന്നു
മലയാള സിനിമയുടെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് 2024. ഇന്ത്യയിലെ മറ്റ് പല ഭാഷാ സിനിമാ വ്യവസായങ്ങളും തകര്‍ച്ചയെ നേരിടുമ്പോള്‍ മലയാള സിനിമകള്‍ നേടിയ തുടര്‍ വിജയങ്ങള്‍ രാജ്യമൊട്ടുക്കും ചര്‍ച്ചയായി. മറുഭാഷാ പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാനായി എന്നത് മലയാള സിനിമയുടെ വളര്‍ച്ചയുടെ കൃത്യമായ ദിശാസൂചനയാണ്. ഇപ്പോഴിതാ സമീപകാലത്തെ രണ്ട് ശ്രദ്ധേയ ചിത്രങ്ങളുടെ ക്ലോസിംഗ് ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതം, ജിത്തു മാധവന്‍റെ ഫഹദ് ഫാസില്‍ ചിത്രം ആവേശം എന്നിവയുടെ കേരളത്തിലെ ക്ലോസിംഗ് ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്. 13 ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് ചിത്രങ്ങളും തിയറ്ററുകളിലെത്തിയത്. ആടുജീവിതം മാര്‍ച്ച് 28 നാണ് എത്തിയതെങ്കില്‍ ആവേശത്തിന്‍റെ റിലീസ് ഏപ്രില്‍ 11 ന് ആയിരുന്നു. ബെന്യാമിന്‍റെ ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം, സാക്ഷാത്കാരത്തിന് ബ്ലെസിയും പൃഥ്വിരാജും നേരിട്ട വെല്ലുവിളി എന്നീ ഘടകങ്ങളാല്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു ആടുജീവിതം. രോമാഞ്ചം സംവിധായകന്‍റെ രണ്ടാം ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍ എന്ന കാരണത്താല്‍ ആവേശവും പ്രേക്ഷകരില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരുന്നു.
undefined
റിലീസ് ദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രങ്ങളാണ് ഇവ രണ്ടും. പ്രമുഖ ട്രാക്കര്‍മാര്‍ പുറത്തുവിടുന്ന കണക്കുകള്‍ അനുസരിച്ച് ആടുജീവിതത്തിന്‍റെ കേരളത്തിലെ ക്ലോസിംഗ് ബോക്സ് ഓഫീസ് 79.28 കോടിയാണ്. ആവേശത്തിന്‍റേത് 76.10 കോടിയും. അതേസമയം ആവേശത്തിന് ഒടിടി റിലീസിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ആടുജീവിതം ഇനിയും ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തിയിട്ടില്ല.