തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 300 കോടി ക്ലബ്ബില്‍ ആകെ 12 ചിത്രങ്ങള്‍
നീണ്ട പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഭാഷാ ചലച്ചിത്ര വ്യവസായം ബോളിവുഡ് ആയിരുന്നു. തമിഴ്, തെലുങ്ക് സിനിമകള്‍ മികച്ച സ്ക്രീന്‍ കൊണ്ടോടെ ലോകം മുഴുവന്‍ എത്തിയിരുന്നെങ്കിലും ബോളിവുഡിന്‍റെ കളക്ഷന്‍റെ അടുത്തെങ്ങും എത്തിയിരുന്നില്ല. എന്നാല്‍ എസ് എസ് രാജമൌലി എന്ന തെലുങ്ക് സംവിധായകന്‍ ആ ബലതന്ത്രത്തെയാകെ മാറ്റിമറിച്ചു. 2015 ല്‍ പുറത്തെത്തിയ ബാഹുബലിക്ക് മുന്‍പും അതിനു ശേഷവുമെന്ന് ഇന്ത്യന്‍ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തെ തന്നെ രണ്ടായി തിരിക്കാം. കൊവിഡ് കാലത്ത് ബോളിവുഡ് വ്യവസായം വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ തെന്നിന്ത്യന്‍ സിനിമ പിടിച്ചുനിന്നു എന്ന് മാത്രമല്ല, വന്‍ വിജയങ്ങളും നേടി. തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന വിജയങ്ങളുടെ ലിസ്റ്റ് ആണ് ചുവടെയുള്ളത്. രാജമൌലിയുടെ ബാഹുബലി 2 തന്നെയാണ് ആഗോള കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. 1753 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തൂത്തുവാരിയത്. നായകന്മാരെ പരിഗണിക്കുമ്പോള്‍ ഏറ്റവുമധികം 300 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉള്ളവര്‍ ആരെന്ന കൌതുതകരമായ അന്വേഷണം കൂടി ഒപ്പമുണ്ട്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെ നേടിയിട്ടുള്ള തെന്നിന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
300 കോടി ക്ലബ്ബ് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് തെലുങ്ക് താരം പ്രഭാസ് ആണ്. മൂന്ന് ചിത്രങ്ങളാണ് പ്രഭാസിന്. ബാഹുബലി 1, 2, സാഹൊ എന്നിങ്ങനെ. രണ്ടാം സ്ഥാനം തമിഴ് താരം വിജയ്‍ക്കാണ്. പ്രഭാസ് ചിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അടുത്തെങ്ങുമില്ലെങ്കിലും 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ട് ചിത്രങ്ങളുണ്ട് അദ്ദേഹത്തിന്. യഷ്, രാം ചരണ്‍, ജൂനിയന്‍ എന്‍ടിആര്‍, രജനികാന്ത്, കമല്‍ ഹാസന്‍, റിഷഭ് ഷെട്ടി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്കാണ് നായകന്മാര്‍ എന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമയില്‍ 300 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉള്ളത്. റിഷഭ് ഷെട്ടിക്ക് വിജയം നേടിക്കൊടുത്ത കന്നഡ ചിത്രം കാന്താരയുടെ രചനയും സംവിധാനവും അദ്ദേഹം തന്നെ ആയിരുന്നു.
undefined
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങള്‍
1. ബാഹുബലി 2- 1753 കോടി
2. കെജിഎഫ് ചാപ്റ്റര്‍ 2- 1200 കോടി
3. ആര്‍ആര്‍ആര്‍- 1163 കോടി (പ്രദര്‍ശനം അവസാനിച്ചിട്ടില്ല)
4. 2 പോയിന്‍റ് 0- 667 കോടി
5. ബാഹുബലി 1- 580 കോടി
6. പൊന്നിയിന്‍ സെല്‍വന്‍ 1- 492 കോടി
7. വിക്രം- 432 കോടി
8. സാഹൊ- 419 കോടി
9. കാന്താര- 395 കോടി
10. പുഷ്‍പ- 373 കോടി
11. ബിഗില്‍- 302 കോടി
12. വാരിസ്- 300 കോടി (പ്രദര്‍ശനം അവസാനിച്ചിട്ടില്ല)