ഒന്നാം സ്ഥാനം വിടില്ലെന്ന് 'വാലിബൻ' ! 'മഞ്ഞുമ്മലിനെ' വെട്ടി ആ മൂന്ന് ചിത്രങ്ങൾ, പ്രീ സെയിലിലെ കോടിപ്പടങ്ങള്‍

By Web Team  |  First Published May 17, 2024, 5:17 PM IST

ഭ്രമയു​ഗം ആണ് ഏഴാം സ്ഥാനത്ത്.


ലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം സമ്മാനിച്ച വർഷം ആണ് 2024. വർഷം തുടങ്ങി അഞ്ച് മാസം പിന്നിടുമ്പോഴും മികച്ച ഒരു പിടി സിനിമകളാണ് മലയാളത്തിന് ലഭിച്ചത്. കണ്ടന്റിലും മേക്കിങ്ങിലും ക്വാളിറ്റിയിലും മാത്രമല്ല ബോക്സ് ഓഫീസിലും മലയാള സിനിമ കോടികൾ വാരിക്കൂട്ടി. ഒരുപക്ഷേ ഇതാദ്യമായിട്ടാകും മോളിവുഡ് സിനിമാ ലോകം 1000കോടിയോളം ബിസിനസ് നേടുന്നത്. ഇനിയും ഒട്ടനവധി സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. 

ഈ അവസരത്തിൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ മികച്ച പ്രീ സെയിൽ ബിസിനസ് സ്വന്തമാക്കിയ പടങ്ങളുടെ ലിസ്റ്റ് പുറത്തുവരികയാണ്. മികച്ച കളക്ഷൻ നേടിയ എട്ട് സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം ഒന്നാം സ്ഥാനത്ത് ഉള്ളത് മലൈക്കോട്ടൈ വാലിബൻ ആണ്. റിലീസിന് മുൻപ് വലിയ ഹൈപ്പ് ലഭിച്ച ഈ മോഹൻലാൽ ചിത്രം പ്രീ സെയിലിലൂടെ മാത്രം നേടിയത് 3.8 കോടിയാണ്. വൻ ഹൈപ്പിലാണ് എത്തിയതെങ്കിലും ആദ്യദിന കളക്ഷനിൽ മാത്രമെ വാലിബന് ശേഭിക്കാൻ സാധിച്ചിരുന്നുള്ളൂ. ആദ്യ ഷോ കഴിഞ്ഞ ശേഷം ലഭിച്ച നെ​ഗറ്റീവ് റിവ്യു ചിത്രത്തെ വല്ലാതെ ബാധിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു സംവിധാനം. 

Latest Videos

undefined

രണ്ടാം സ്ഥാനത്ത് പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം ആണ്. 3.5 കോടിയാണ് പ്രീ സെയിലിലൂടെ ചിത്രം നേടിയത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 150 കോടി ക്ലബ്ബിൽ ഇടംനേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വൈകാതെ ഒടിടിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. 1.90 കോടിയുമായി മൂന്നാം സ്ഥാനത്ത് ആവേശം ആണ്. ഫഹദ് ഫാസിലും സംവിധായകൻ ജിത്തു മാധവനും ഒന്നിച്ച ചിത്രം 150 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. 

സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിൽ ധന്യ മേരി വർഗീസ്; ചിത്രങ്ങൾ വൈറൽ

നാലാം സ്ഥാനത്ത് വർഷങ്ങൾക്കു ശേഷം ആണ്. 1.43 കോടിയാണ് സിനിമയുടെ പ്രീ സെയിൽ കളക്ഷൻ. 1.32 കോടിയുമായി മഞ്ഞുമ്മൽ ബോയ്സ് അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ, 1.25 കോടിയുമായി ​ഗുരുവായൂരമ്പല നടയിൽ ആറാം സ്ഥാനം സ്വന്തമാക്കി. ഭ്രമയു​ഗം ആണ് ഏഴാം സ്ഥാനത്ത്. 1.2 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.  1.04 കോടിയുമായി മലയാളി ഫ്രം ഇന്ത്യ എട്ടാം സ്ഥാനത്തും ഉണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!