ബഷീറിന്‍റെ പ്രേമലേഖനം വായിച്ചിട്ടില്ല, പക്ഷേ ആരാധികയുടെ വായിച്ചിട്ടുണ്ട്...

By രാജി ആര്‍  |  First Published Jul 20, 2017, 11:01 PM IST

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം 2014ലാണ് പുറത്തിറങ്ങിയത്. സിനിമയും നായകനും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, നിഷ്‌കളങ്കമായ അഭിനയത്തിലൂടെ പ്രിയങ്കരനായ ഫര്‍ഹാനെ പിന്നീട് എവിടെയും കണ്ടില്ല. ചേട്ടന്റെ പാത സ്വീകരിച്ചു നീണ്ട ഗ്യാപ്പ് എടുത്തതാണോ അതോ അഭിനയം മതിയാക്കിയോ എന്ന് പോലും എല്ലാവരും സംശയിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലൂടെ ഫര്‍ഹാന്‍ വീണ്ടും എത്തുകയാണ്. ബഷീറെന്ന സുന്ദരന്‍ കാമുകനായി. ഫര്‍ഹാന്‍ ഫാസിലുമായി രാജി ആര്‍ നടത്തിയ അഭിമുഖം

കറങ്ങി തിരിഞ്ഞ് വന്ന സിനിമ 

Latest Videos

undefined

ബഷീറിന്റെ പ്രേമലേഖനത്തിന്റെ കഥ തിരക്കഥാകൃത്തുക്കള്‍ ആദ്യം പങ്കുവെയ്ക്കുന്നത് എന്നോടാണ്. ഒരു ഔട്ട്ലൈന്‍ മാത്രമായിരുന്നു അത്. എനിക്കത് ഇഷ്ടമായി. അവരോട് സംവിധായകനെ കുറിച്ചും നിര്‍മ്മാതാവിനെ കുറിച്ചും ആലോചിക്കാന്‍ പറഞ്ഞു.   ഈ സംഭവം കഴിഞ്ഞ് ഒരു എട്ട് മാസം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് അല്‍ത്താഫിക്ക വിളിച്ചു ഈ കഥയെ കുറിച്ച് സംസാരിച്ചു. ഞാന്‍ പറഞ്ഞു നേരത്തെ കേട്ടതാണ് , ഇഷ്ടമായതാണ് എന്ന്.അങ്ങനെയാണ് ബഷീറിന്റെ പ്രേമലേഖനം ഉണ്ടാവുന്നത്.

ഇഷ്ടമില്ലാത്ത മേക്കപ്പ്

മുടി നീട്ടി വളര്‍ത്തുന്നത് ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍.സിനിമയില്‍ എണ്‍പതുകളില്‍ നടക്കുന്ന കഥയായതുകൊണ്ട് മുടി നീട്ടി വളര്‍ത്തിയിട്ടാണ്. ആദ്യം മേക്കപ്പ് ചെയ്യാനിരുന്നപ്പോള്‍ മുഴുവന്‍ കഴിഞ്ഞിട്ടാണ് കണ്ണാടിയില്‍ നോക്കുന്നത്. ഒട്ടും ഇഷ്ടമായില്ല. ഒരാഴ്ച ഉണ്ടായിരുന്നു ഈ ഇഷ്ടക്കേട്. പിന്നെ മേക്കപ്പ് സിനിമയുടെ കാലഘട്ടം പ്രതിഫലിപ്പിക്കുമെന്ന് മനസ്സിലായപ്പോള്‍ ഒക്കെയായി.

പ്രേമലേഖനം വായിച്ചിട്ടില്ല... ഉടനെ വായിക്കും

മൂന്ന് പ്രണയകഥകളാണ് ചിത്രത്തില്‍ പറയുന്നതില്‍. ഇതില്‍ മൂന്നിലും ഒരുപോലെ വരുന്ന ഘടകം സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീന്റെ പ്രേമലേഖനമാണ്. സത്യം പറഞ്ഞാല്‍ പ്രേമലേഖനം ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. പക്ഷെ ഉടനെ വായിക്കും.

കത്തെഴുതിയിട്ടില്ല, പക്ഷേ പ്രണയലേഖനം കിട്ടിയിട്ടുണ്ട്
ഇതുവരെ ആര്‍ക്കും കത്തൊന്നും എഴിതിയിട്ടില്ല. ഇ മെയിലും ടെക്സ്റ്റ് മെസ്സേജ് ഒക്കെയാണ് പരിചയം. പക്ഷെ കത്തിനൊരു പ്രത്യേക ഫീലാണ് എന്നറിയാം. ഏറെ അടുപ്പം തോന്നുന്ന ഒരു ഫീല്‍. കത്തെഴുതിയിട്ടില്ലെങ്കിലും കത്ത് കിട്ടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് സംഭവം. എന്റെ പേരില്‍ വീട്ടിലൊരു കത്ത് വന്നു. വാപ്പയാണ് കൊണ്ടുതന്നത്, ലൗലെറ്ററാണ് എന്ന് തോന്നുന്നുവെന്ന് പറഞ്ഞു. നല്ല കുട്ടിയായതുകൊണ്ട് അത് ലൗലെറ്റര്‍ തന്നെയാണ് എന്ന് വായിച്ച് ഉറപ്പുവരുത്തിയ ശേഷം വാപ്പയെ തന്നെ തിരിച്ചേല്‍പ്പിച്ചു.

ഒരു പ്രണയദിന അബദ്ധം

പ്രണയദിനത്തില്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റ് വല്യ ചര്‍ച്ചയായി. എല്ലാവരും വിളിയായിരുന്നു. എന്താ സംഭവം എന്നു ചോദിച്ച്.  ആരെങ്കിലും രഹസ്യമായി പ്രണയിക്കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന ആ പോസ്റ്റ് സത്യത്തില്‍ ഒരു ഫോര്‍വേഡ് മെസേജ് അതുപോലെയിട്ടതാണ്. കിട്ടിയ പിക്ചര്‍ മെസ്സേജിനെ ടെക്സ്റ്റാക്കി എന്നൊരു തെറ്റേ ഞാന്‍ ചെയ്തൊള്ളൂ.

ഇടവേള മനപൂര്‍വ്വമല്ല

സ്റ്റീവ ലോപ്പസ് കഴിഞ്ഞ് മനപൂര്‍വ്വം എടുത്ത ഇടവേളയൊന്നുമല്ല ഇത്. പെട്ടെന്ന് തന്നെ അടുത്ത സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തതുമാണ്. അതില്‍ ഒന്ന് ക്യാന്‍സലായി പോയി. മറ്റൊന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു. അങ്ങനെയാണ് ഞാന്‍ ആഗ്രഹിക്കാത്ത ഒരു ഇടവേള എനിക്കുണ്ടായത്.

ഞങ്ങള്‍ രണ്ടുപേര്‍

ഫഹദിന്റെ അനിയന്‍ എന്ന പേര് അഭിനയരംഗത്ത് ഒരു ഭാരമല്ല. മറിച്ച് പേടിയാണ്. പിന്നെ ഫഹദും ഞാനും തികച്ചും രണ്ടു പേരാണ്. രണ്ടു തരത്തിലുള്ളവര്‍. ഫഹദിനെ പോലെയുള്ള മികച്ച ഒരു നടനെ ഞാനുമായി താരതമ്യം ചെയ്യുന്നതേ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
എന്തിനാ വെറുതേ. ഫഹദിന്റെ പകുതി കഴിവ് എനിക്കില്ലെന്ന് എനിക്കു തന്നെ അറിയാം.

രഹസ്യമറിയുന്ന നസ്രിയ

വീട്ടില്‍ സിനിമാ ചര്‍ച്ചകള്‍ ഇല്ല. ഇതങ്ങനെ ചെയ്യാം അതിങ്ങനെ ചെയ്യാം എന്നൊന്നും പറയാറില്ല. നസ്രിയയുമായി നല്ല കൂട്ടാണ്. ബഷീറിന്റെ പ്രേമലേഖനം എങ്ങനെയാണ് എന്താണ് എന്നൊന്നും വാപ്പയോടോ ഫഹദിനോടോ പറഞ്ഞിട്ടില്ല. പക്ഷെ നസ്രിയയോട് പറഞ്ഞു. നസ്രിയ പറഞ്ഞത് ക്യൂട്ട് ഫിലിം, രസമുള്ള സിനിമ എന്നാണ്.

ഒരേ ചിന്താഗതിക്കാര്‍

സംവിധായകന്‍ അനീഷ് അന്‍വറും ഞാനും ഒരേ വേവ് ലെങ്ത്തില്‍ ചിന്തിക്കുന്നവരാണ്. ആദ്യം കേട്ട കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് എനിക്ക് തോന്നിയിരുന്നു. അനീഷ് അന്‍വറും ഇതേ സ്ഥലങ്ങളില്‍ തന്നെയാണ് മാറ്റങ്ങള്‍ ആവശ്യപ്പെട്ടത്. പിന്നെ ഒരേ പോലെയുള്ളവരായതു കൊണ്ട് വര്‍ക്കിനും അത് ഗുണം ചെയ്തു.

ഷീലയും മധുവും മോഹിപ്പിക്കുന്ന താരങ്ങള്‍

രണ്ടാമത്തെ ചിത്രത്തില്‍ തന്നെ ഇവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. മോഹിപ്പിക്കുന്ന താരങ്ങളാണ് രണ്ടുപേരും. ശരിക്കും ഡൗണ്‍ ടു എര്‍ത്താണ്. ക്യാമറയ്ക്ക് മുന്നില്‍ എത്തിയാല്‍ എന്തൊരു പെര്‍ഫോമന്‍സാണ് രണ്ടുപേരുടേയും. ഒപ്പം പിടിച്ചു നില്‍ക്കാന്‍ പാടാണ്. ഷീലാമ്മ ഇപ്പോഴും എന്തൊരു പാഷനോടെയാണ് അഭിനയിക്കുന്നത്. 

ഹരമാകുന്ന യുവത്വം

ഈ സിനിമയുടെ ക്യാമറാമാനും സംഗീത സംവിധായകനും വളരെ ചെറുപ്പമാണ്. ക്യാമറമാന്‍ സഞ്ജയ്ക്ക് 20 വയസ്സുമാത്രമേയുള്ളൂ. സംഗീത സംവിധായകന്‍ വിഷ്ണുവിന് 23 വയസ്സും. വിഷ്ണു മോഹന്‍ സിത്താരയുടെ മകനാണ്. സിനിയിലെ പാട്ട് ഇപ്പോഴെ ഹിറ്റാണ്. ഇത് സിനിമയ്ക്കും ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

പ്രതീക്ഷയോടെ ബഷീര്‍

പ്രേക്ഷകര്‍ സിനിമ എങ്ങനെയെടുക്കമെന്ന് പേടിയുണ്ട്. ആദ്യ ഷോയ്ക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. എല്ലാവരും കണ്ടിട്ടേ കാണുന്നുള്ളൂ. വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

click me!