നസ്‍ലെന്‍റെ അഞ്ച് വര്‍ഷം നീളുന്ന കരിയറിലെ 15-ാമത്തെ ചിത്രമായിരുന്നു പ്രേമലു
പ്രതിഭയുള്ളതുകൊണ്ട് മാത്രം സിനിമയില്‍ വിജയങ്ങള്‍ സ്വന്തമാവണമെന്നില്ല. കൃത്യമായ സമയത്ത് ശരിയായ അവസരങ്ങള്‍ തേടിയെത്തുന്നതില്‍ നിന്നാണ് വിജയങ്ങള്‍ ഉണ്ടാവുന്നത്. അഭിനേതാക്കളെ സംബന്ധിച്ച് അവരുടെ താരമൂല്യം ഉയര്‍ത്തുന്നതും അത്തരം വിജയങ്ങളാണ്. മലയാള സിനിമയിലെ പുതുതലമുറ അഭിനേതാക്കളില്‍ ഭാവിയിലെ താരപദവിയിലേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാള്‍ നസ്‍ലെന്‍ ആണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിനില്‍ നിന്ന് പ്രേമലുവിലെ സച്ചിനിലേക്ക് എത്തിയപ്പോള്‍ മലയാളി സിനിമാപ്രേമികളുടെ സ്നേഹ പരിഗണനകള്‍ നേടാനായിട്ടുണ്ട് നസ്‍ലെന്.
നസ്‍ലെന്‍റെ അഞ്ച് വര്‍ഷം നീളുന്ന കരിയറിലെ 15-ാമത്തെ ചിത്രമായിരുന്നു പ്രേമലു. ജനം ഏറ്റെടുത്ത, മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയിലേക്കും നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെട്ട പ്രേമലുവിന്‍റെ വിജയം നസ്‍ലെന് നല്‍കുന്ന ബ്രേക്ക് ചില്ലറയല്ല. മലയാളത്തിലെ മറ്റേത് നടനെയും അസൂയപ്പെടുത്തുന്നതാണ് നസ്‍ലെന്‍റെ അപ്കമിംഗ് ലൈനപ്പ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം.
പ്രേമലു സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ഐ ആം കാതലന്‍, ഗിരീഷ് എഡിയുടെ തന്നെ പ്രേമലു 2, തല്ലുമാല സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍റെ സ്പോര്‍ട്സ് മൂവി, ഒപ്പം മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്‍റെ മോളിവുഡ് ടൈംസ് എന്നിവയാണ് നസ്‍ലന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ഐ ആം കാതലന്‍ പ്രേമലുവിന് മുന്‍പേ ഗിരീഷ് എ ഡി പൂര്‍ത്തിയാക്കിയ ചിത്രമാണ്. മലയാളികള്‍ക്കൊപ്പം തെലുങ്ക്, തമിഴ് പ്രേക്ഷകരുടെയും കൈയടി നേടിയ ചിത്രത്തിന്‍റെ സീക്വല്‍ എന്നതിനാല്‍ പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് തന്നെ ഉയര്‍ത്തും പ്രേമലു 2. ആക്ഷന്‍ രംഗങ്ങളിലൂടെ തിയറ്ററില്‍ ആവേശം നിറച്ച തല്ലുമാല സംവിധായകന്‍റെ സ്പോര്‍ട്സ് മൂവിക്കുവേണ്ടി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയാണ് നസ്‍ലെന്‍ എത്തുക. സിനിമയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന മോളിവുഡ് ടൈംസും അഭിനവ് സുന്ദര്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ നാല് ചിത്രങ്ങളുടെ പ്രേക്ഷക സ്വീകാര്യത നസ്‍ലെന്‍റെ മുന്നോട്ടുള്ള യാത്രയെ ഏറെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; കോമഡി ത്രില്ലര്‍ ചിത്രത്തിന് ഈരാറ്റുപേട്ടയില്‍ തുടക്കം