'ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം, ശുപാർശകൾ നടപ്പാക്കണം'; മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി

By Web TeamFirst Published Sep 11, 2024, 1:57 PM IST
Highlights

ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിൻ്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തെ തന്നെ ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്‍റെ ഭാഗമാക്കണമെന്നും സംഘടനയ്ക്ക് നിലപാടുണ്ട്. സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ച് നേരത്തെ ഡബ്ല്യുസിസി രംഗത്ത് വന്നത്.
 

Latest Videos

click me!