രാമനാഥപുരത്ത് ചിത്രീകരണത്തിന് തുടക്കം
മലയാളത്തിലെ സമകാലിക തിരക്കഥാകൃത്തുക്കളില്‍ ഏറെ ശ്രദ്ധ നേടിയ ആളാണ് മുരളി ഗോപി. ശ്രദ്ധേയ ചിത്രങ്ങള്‍ പലതിന്‍റെയും രചന നിര്‍വ്വഹിച്ച മുരളിയുടെ തിരക്കഥയില്‍ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍ ആയിരുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ് നിലവില്‍. ഇപ്പോഴിതാ എമ്പുരാന്‍ പൂര്‍ത്തിയാവുംമുന്‍പേ മുരളി ഗോപിയുടെ തിരക്കഥയില്‍ മറ്റൊരു സിനിമ കൂടി ചിത്രീകരണം ആരംഭിക്കുകയാണ്.
2017 ല്‍ പുറത്തെത്തിയ ടിയാന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജീയെന്‍ കൃഷ്ണകുമാര്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. ആര്യയാണ് നായകന്‍. തമിഴ്നാട് രാമനാഥപുരത്തെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. എസ് വിനോദ് കുമാര്‍ ആണ് നിര്‍മ്മാണം. മുരളി ഗോപിയും ജീയെന്‍ കൃഷ്ണകുമാറും പുതിയ തുടക്കത്തിന്‍റെ സന്തോഷം ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ജീയെന്‍ കൃഷ്ണകുമാറിന്‍റെ ടിയാന്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥയും മുരളി ഗോപിയുടേത് ആയിരുന്നു.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, ശാന്തി ബാലചന്ദ്രന്‍, സരിത കുക്കു, ഇന്ദ്രൻസ്, മുരളി ഗോപി, സിദ്ദിഖ്, രണ്‍ജി പണിക്കർ, ശരത് അപ്പാനി, തരികിട സാബു തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത് ചിത്രമാണ് ഇത്. നിലവിൽ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ബ്രിഗ്‌ഫോർത്ത് അഡ്വർടൈസിങ് ആണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് കൺസൽട്ടന്റ്.
2010 ല്‍ പുറത്തെത്തിയ കോളെജ് ഡെയ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജീയെന്‍ കൃഷ്ണകുമാര്‍. ടിയാന്‍ കൂടാതെ കാഞ്ചി എന്ന ചിത്രവും മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുണ്ട്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തമിഴിലും അരങ്ങേറ്റം കുറിച്ചു.
undefined
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസണ്‍ എന്ന മറ്റൊരു ചിത്രവും മുരളി ഗോപിയുടെ തിരക്കഥയില്‍ വരാനുണ്ട്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.