ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കള്‍. ഷാരൂഖിനെക്കാളും സല്‍മാനെക്കാളും ആസ്‍തി
ബോളിവുഡിലെ ഒന്നാം നിര നിര്‍മ്മാണ കമ്പനികളില്‍ പലതും ചില കുടുംബങ്ങളുടേതാണ്. രാജ്യത്തെ ഏറ്റവും വലിയ സിനിമാ വ്യവസായത്തില്‍ കാലാകാലങ്ങളായി സജീവ സാന്നിധ്യമായിരുന്ന ഈ കുടുംബങ്ങളുടെ ആസ്തിയും ഞെട്ടിക്കുന്നതാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമായ വളര്‍ച്ച നേടിയ കുടുംബങ്ങളിലൊന്ന് ടി സിരീസ് എന്ന കമ്പനിയുടെ ഉടമസ്ഥരാണ്. ആദിത്യ ചോപ്ര, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ഇവരേക്കാളൊക്കെ ആസ്തിയുണ്ട് ഈ കുടുംബത്തിന്.
ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 ലാണ് വിവിധ മേഖലകളിലെ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ ബോളിവുഡിലെ ടോപ്പ് ലിസ്റ്റിലാണ് ടി സിരീസ് കുടുംബം ഒന്നാം നിരയില്‍ ഇടംപിടിച്ചിരിക്കുന്നത്. 10,000 കോടിയാണ് ടി സിരീസ് ഉടമകളായ ഭൂഷണ്‍ കുമാറിന്‍റെ കുടുംബത്തിന്‍റെ ആസ്തി. 10,000 കോടിയില്‍ 80 ശതമാനവും ഭൂഷണ്‍ കുമാറിന്‍റെ സംഭാവനയാണ്. ബാക്കിയുള്ള 20 ശതമാനത്തിന്‍റെ സിംഹഭാഗവും ടി സിരീസ് സഹഉടമയും ഭൂഷണ്‍ കുമാറിന്‍റെ അമ്മാവനുമായ കിഷന്‍ കുമാറിന്‍റേതാണ്. ഭൂഷണ്‍ കുമാറിന്‍റെ സഹോദരിമാരായ തുള്‍സിക്കും ഖുഷാലി കുമാറിനും യഥാക്രമം 250 കോടിയുടെയും 100 കോടിയുടെയും ആസ്തി ഉണ്ട്.
ഭൂഷന്‍റെയും തുള്‍സിയുടെയും ഖുഷാലിയുടെയും അച്ഛനായ ഗുല്‍ഷന്‍ കുമാര്‍ ദില്ലിയില്‍ ആരംഭിച്ച പഴക്കച്ചവടമായിരുന്നു ഈ കുടുംബത്തിന്‍റെ ആദ്യ ബിസിനസ്. എന്നാല്‍ 1970 കളില്‍ ഈ കുടുംബത്തിന്‍റെ ഭാവി മാറിമറിഞ്ഞു. അച്ഛനും മകനും ചേര്‍ന്ന് ഒരു കാസറ്റ് കട ആരംഭിച്ചതോടെയായിരുന്നു ഇത്. അതാണ് സൂപ്പര്‍ കാസറ്റ്സ് ആയും പിന്നീട് ടി സിരീസ് ആയും മാറിയത്. ഇന്ന് ഫിലിം സ്റ്റുഡിയോയും അതിനോട് ചേര്‍ന്ന് പല ഇതര സംരംഭങ്ങളും നോയിഡയിലെ ഗുല്‍ഷന്‍ കുമാര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്റ്റുഡിയോയുമൊക്കെ ഇവര്‍ക്ക് ഉണ്ട്.
ഭൂഷണ്‍ കുമാര്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും ആസ്തിയുള്ള കുടുംബം ആദിത്യ ചോപ്രയുടേതാണ്. യാഷ് രാജ് ഫിലിംസ് ഉടമകളായ ചോപ്ര കുടുംബത്തിന്‍റെ ആസ്തി 8000 കോടിയാണ്. ഷാരൂഖ് ഖാന്‍ കുടുംബത്തിന് 7500 കോടിയും സല്‍മാന്‍ ഖാന്‍ ഖാന്‍ കുടുംബത്തിന് 3500 കോടിയുമാണ് ആസ്തി.
ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്‍റെ മനൈവികൾ' തിയറ്ററുകളിലേക്ക്