വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം
വിജയ് നായകനാവുന്ന ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) തിയറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ 5 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. റിലീസിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഈ ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ മുഴുകുമ്പോള്‍ ചിത്രം നേടാനിടയുള്ള വിജയം പ്രവചിക്കുകയാണ് ചിത്രത്തില്‍ വിജയ്‍യുടെ സഹതാരമായ പ്രേംജി അമരന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1500 കോടി നേടുമെന്ന് പറയുന്നു പ്രേംജി അമരന്‍. അത് പറയാനുള്ള കാരണങ്ങളും നിരത്തുന്നു അദ്ദേഹം. ബിഹൈന്‍ഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രേംജി അമരന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
"പടം വേറെ ലെവല്‍ ആണ്. അത് ഞാന്‍ പറയേണ്ട കാര്യമല്ല, നിങ്ങള്‍ നേരില്‍ കാണേണ്ടതാണ്. മൈന്‍ഡ് ബ്ലോവിംഗ് എന്ന് വിളിക്കാവുന്ന സിനിമയാണ്. ഒരു സാധാരണ സിനിമയേ അല്ല. 2024 ല്‍ ഏറ്റവും കളക്റ്റ് ചെയ്യുന്ന സിനിമ ഇതായിരിക്കും. മിക്സിംഗ് സമയത്ത് ഞാന്‍ പടം കണ്ടിരുന്നു. ഒരു 1500 കോടി അടിക്കും എന്നാണ് ആ സമയത്ത് ഞാന്‍ പറഞ്ഞത്. നോക്കാം, ദൈവം എന്താണ് എഴുതി വച്ചിരിക്കുന്നതെന്ന്. എല്ലാ ഭാഷാ പതിപ്പുകളുടെയും ആഗോള കളക്ഷന്‍ ചേര്‍ന്ന് വരുന്ന തുകയാണ് പറഞ്ഞത്. വിജയ്‍യുടെ കരിയറിലെയും ഏറ്റവും വലിയ വിജയമായി മാറും ഈ ചിത്രം", പ്രേംജി അമരന്‍ പറയുന്നു.
വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രവുമാണ് ഗോട്ട്. തമിഴ്നാട്ടിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് വിതരണക്കാരുടെ തീരുമാനം. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് വിജയ് എത്തുക. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
ALSO READ : 'ക്ലീന്‍ ചിരിപ്പടം'; മികച്ച പ്രേക്ഷകാഭിപ്രായവുമായി സൈജു കുറുപ്പിന്‍റെ 'ഭരതനാട്യം'