ഒരു വീട്ടില്‍ ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും, കുറച്ച കഥാപാത്രങ്ങളും മാത്രമുള്ള ചിത്രത്തില്‍ എന്നാല്‍ ചിരിക്ക് ഒരു കുറവും ഇല്ല.
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ സംവിധായകനാണ് ഹരിദാസ്. ഇദ്ദേഹത്തിനൊപ്പം തീയറ്ററുകള്‍ ചിരി അരങ്ങുകളാക്കി പല സിനിമയുടെ സംവിധായകനായ റാഫിയും ചേര്‍ന്നാല്‍ എന്താണോ പ്രേക്ഷകര്‍ സ്ക്രീനില്‍ പ്രതീക്ഷിക്കുന്നത് അത് നല്‍കുന്നതാണ് 'താനാരാ' എന്ന ചിത്രം.
ഒരു വീട്ടില്‍ ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും, കുറച്ച കഥാപാത്രങ്ങളും മാത്രമുള്ള ചിത്രത്തില്‍ എന്നാല്‍ ചിരിക്ക് ഒരു കുറവും ഇല്ല. മലയാളത്തില്‍ എന്നും വിജയിച്ചിട്ടുള്ള കണ്‍ഫ്യൂഷന്‍ കോമഡിയുടെ ട്രാക്ക് പിടിച്ചാണ് പടത്തിന്‍റെ പോക്ക്. അതിനാല്‍ തന്നെ വളരെ രസകരമായ ഒരു കഥാനന്തുവില്‍ മുഴുകി നിറചിരിയോടെ പ്രേക്ഷകന് ചിത്രം ആസ്വദിക്കാന്‍ കഴിയും.
സത്യസന്ധനായ കള്ളനാണ് തങ്കച്ചന്‍. തനിക്ക് ഒരു വീട്ടില്‍ നിന്നും ആവശ്യമായ പണം ഒരു ബുക്കില്‍ കണക്ക് കൂട്ടി വച്ച് അത് മാത്രം കളവിന് കയറുന്ന വീട്ടില്‍ നിന്നും എടുക്കുന്ന സത്യസന്ധന്‍. 'സത്യസന്ധനായ കള്ളന്‍' എന്നതില്‍പ്പോലും ഒരു ചിരി ഒളിപ്പിച്ചിട്ടുണ്ട് അണിയറക്കാര്‍. അങ്ങനെ ഒരു ദിനം തങ്കച്ചന്‍ എത്തുന്നത് എംഎല്‍എ ആദര്‍ശ് ശ്രീവരാഹത്തിന്‍റെ ഫാം ഹൗസിലാണ്. എംഎല്‍എ ദില്ലിയില്‍ പോയി എന്ന ധാരണയിലാണ് തങ്കച്ചന്‍ എത്തുന്നത്. എന്നാല്‍ അവിടെ നടക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്.
ആദ്യം മുതല്‍ ഒരുക്കുന്ന ചിരിപരിസരം പടി പടിയായി വികസിച്ച് അവസാനം കൂട്ടപ്പൊരിച്ചില്‍ ആകുന്ന രീതിയിലാണ് റാഫിയുടെ തിരക്കഥയെ സംവിധായകന്‍ പരിചരിച്ചിരിക്കുന്നത്. അതിന് ഉതകുന്ന സംഭവങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെയുണ്ട്. കള്ളനായി എത്തുന്ന വിഷ്ണു ഉണ്ണി കൃഷ്ണനും, എംഎല്‍എയായി ഷൈന്‍ ടോം ചാക്കോയും ഭൂരിപക്ഷവും സ്ക്രീനിലുണ്ട്. ഇരുവരും നല്ല പ്രകടനം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്.
പ്രധാന നായികയായി എത്തുന്ന ദീപ്തി സതിയും തന്‍റെ വേഷം നന്നായി ചെയ്തിട്ടുണ്ട്. അജു വർഗീസ്, ചിന്നു ചന്ദിനി, സ്നേഹ ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇവരും ഗംഭീരമായ പ്രകടനം തന്നെ ചിത്രത്തില്‍ പുറത്തെടുക്കുന്നു. ഗോപി സുന്ദറിന്‍റെ ഗാനങ്ങളും ബിജിഎമ്മും ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിർമാണം. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തീയറ്ററില്‍ നിന്നും ഒരു ചിരിപ്പടം അസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്യാരണ്ടി നല്‍കുന്ന ചിത്രമാണ് താനാരാ.
അന്നാ ബെന്നിന്റെ കൊട്ടുകാളി എങ്ങനെയുണ്ട്?, ചിത്രത്തിന്റെ റിവ്യുവുമായി കമല്‍ഹാസൻ