ദീപാവലി റിലീസ് ആയി തിയറ്ററുകളില്‍. വീണ്ടും പൊലീസ് യൂണിവേഴ്സുമായി രോഹിത് ഷെട്ടി
ബോളിവുഡിനെ സംബന്ധിച്ച് പുതുകാലത്ത് തങ്ങളുടെ താരമൂല്യം അനുസരിച്ചുള്ള ബോക്സ് ഓഫീസ് വിജയം നേടാന്‍ സാധിച്ച നടന്മാര്‍ കുറവാണ്. പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന് മാത്രമേ വലിയ വിജയം നേടാന്‍ സാധിച്ചിട്ടുള്ളൂ. അക്ഷയ് കുമാറും അജയ് ദേവ്ഗണും എന്തിന് സല്‍മാന്‍ ഖാന്‍ പോലും വലിയ വിജയങ്ങളുടെ തിളക്കത്തിന് പുറത്താണ്. അതേസമയം പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ഓരോ ചിത്രം തിയറ്ററുകളിലെത്തുമ്പോഴും ബോളിവുഡ് വ്യവസായത്തിനും വലിയ പ്രതീക്ഷയാണ്. അത്തരത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സിങ്കം എഗെയ്ന്‍. വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
രോഹിത് ഷെട്ടി സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് ആയ കോപ്പ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമായിട്ടാണ് സിങ്കം എഗെയ്ന്‍ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. നവംബര്‍ 1 ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രം 2014 ല്‍ പുറത്തെത്തിയ സിങ്കം റിട്ടേണ്‍സിന്‍റെ ഡയറക്റ്റ് സീക്വലുമാണ്. 250 കോടി ബജറ്റില്‍ ഒരുങ്ങിയിരിക്കുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ജിയോ സ്റ്റുഡിയോസ്, രോഹിത് ഷെട്ടി പിക്ചേഴ്സ്, ദേവ്ഗണ് ഫിലിംസ്, സിനെര്‍ജി എന്നീ ബാനറുകള്‍ ചേര്‍ന്നാണ്.
undefined
ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണിന് തന്നെയാണ് ഏറ്റവുമധികം പ്രതിഫലം. ജാഗ്രണിന്റെ റിപ്പോര്‍ട്ട് പ്രകാരം 35 കോടിയാണ് ചിത്രത്തിലെ അഭിനയത്തിന് ദേവ്ഗണിന് ലഭിക്കുന്ന പ്രതിഫലം. വീര്‍ സൂര്യവന്‍ശിയായി എത്തുന്ന അക്ഷയ് കുമാറിന് 20 കോടിയാണ് പ്രതിഫലം. സിമ്പയായി എത്തുന്ന രണ്‍വീര്‍ സിംഗിനും ചിത്രത്തിലെ നായികയായി എത്തുന്ന കരീന കപൂറിനും 10 കോടി വീതം ലഭിക്കും. എസ് പി ശക്തി ഷെട്ടി എന്ന കഥാപാത്രമായെത്തുന്ന ദീപിക പദുകോണിനും വില്ലനായി എത്തുന്ന അര്‍ജുന്‍ കപൂറിനും 6 കോടി വീതവും ടൈഗര്‍ ഷ്രോഫിന് 3 കോടിയും ജാക്കി ഷ്രോഫിന് 2 കോടിയും ലഭിക്കും. അതേസമയം ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ALSO READ : ധ്യാനും സണ്ണി വെയ്‌നും ആദ്യമായി ഒരുമിച്ച്; 'ത്രയം' റിലീസ് തീയതി പ്രഖ്യാപിച്ചു