സിനിമ സെറ്റുകളിലും താമസ സ്ഥലങ്ങളിലും നേരിട്ടേണ്ട വന്ന വിവേചനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാട്ടി 15ലധികം പരാതികളാണ് ഇതിനകം പൊലീസിന് ലഭിച്ചിട്ടുള്ളത്
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നൽകിയ ബംഗാളി നടി ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ സംവിധായകൻ രഞ്ജിത്ത് തുടർ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങി. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ വനിതാ എസ് പി മാരുടെ നേതൃത്വത്തിൽ കൂടുതൽ വനിത ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ ഡിജിപി വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.
സിനിമാ മേഖലയിൽ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് ഉയരുന്നത്. ലൈംഗിക ആരോപണം കൂടാതെ സിനിമ സെറ്റുകളിലും താമസ സ്ഥലങ്ങളിലും നേരിട്ടേണ്ട വന്ന വിവേചനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാട്ടി 15ലധികം പരാതികളാണ് ഇതിനകം പൊലീസിന് ലഭിച്ചിട്ടുള്ളത്. സിനിമ മേഖലയിലുണ്ടായ അതിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴിയോ, നവമാധ്യമങ്ങള്‍ വഴിയോ ആരൊക്കെ പരാതി ഉന്നയിച്ചാലും അവരുടെ മൊഴിയെടുക്കാൻ ഇന്ന് ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗം തീരുമാനിച്ചു.
മൊഴി നൽകുന്നവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും. ലോക്കൽ പൊലിസിൽ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ ഡിജിപിയുടെ ഉത്തരവോടെ ഉടൻ പ്രത്യേക സംഘത്തിന് കൈമാറും. നാല് വനിത ഐപിഎസ് ഉദ്യോഗസ്ഥരാകും അന്വേഷണം നടത്തുക. ഇതിനു ശേഷം മൊഴി രേഖപ്പെടുത്തലും, സാക്ഷ്യമൊഴിയും തെളിവു ശേഖരിക്കലുമെല്ലാം സൂക്ഷമതയോടെ വേണമെന്ന് ഡിജിപി നിർദ്ദേശിച്ചു. കോടതിയിൽ നിന്നും അന്വേഷണ സംഘത്തിന് തിരിച്ചടി നേരിടാതിരിക്കാനുളള ജാഗ്രത പാലിക്കണം.
ഓരോ ഉദ്യോഗസ്ഥക്കു കീഴിലും ആവശ്യത്തിന് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ദിഖ് നൽകിയ പരാതി ഉള്‍പ്പെടെ പ്രത്യേക സംഘത്തിന് കൈമാറി. അന്വേഷണ പുരോഗതി സംഘത്തിന് നേതൃത്വം നൽകുന്ന ഐജി സ്പർജൻകുമാർ എല്ലാ ദിവസും ക്രൈം ബ്രാഞ്ച് മേധാവിയെ അറിയിക്കണം. രഞ്ചിത്തിനെതിരെ കേസ് നൽകിയ ബംഗാളി സിനിമാ താരത്തിന്‍റെ മൊഴി ആദ്യം വീഡിയോ കോള്‍ മുഖേന രേഖപ്പെടുത്തും.
ഇതിന് ശേഷം രഹസ്യമൊഴി രേഖപ്പെടുത്താനായി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. കേരളത്തിലേക്ക് വരാനുള്ള അസൗകര്യം പരാതിക്കാരി പ്രകടിപ്പിച്ചാൽ ബംഗാളിലെ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാനുള്ള നടപടികള്‍ക്കായി കോടതി മുഖേന പൊലിസ് നടപടി സ്വീകരിക്കും. അതേ സമയം മുൻകൂർ ജാമ്യം തേടാനായി രഞ്‍ജിത് കൊച്ചയിൽ അഭിഭാഷകനെ സമീപിച്ചിട്ടുണ്ട്.