Latest Videos

'ഗോട്ട്' സാറ്റലൈറ്റ് റൈറ്റ് വില്‍പ്പനയായി; അപ്ഡേറ്റ് അറിയിച്ച് നിര്‍മ്മാതാക്കള്‍

By Web TeamFirst Published Jun 20, 2024, 6:36 PM IST
Highlights

എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

കരിയറില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിജയ്‍യുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം വരുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമാ ജീവിതം അവസാനിപ്പിക്കുമെന്ന സൂചനയുമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ വിജയമായ ലിയോയ്ക്ക് പിന്നാലെ എത്തുന്ന ചിത്രമെന്ന നിലയിലും രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയെത്തുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയ ഒന്നാണ് ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേഷന്‍ അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ്സ് വില്‍പ്പന നടന്നത് സംബന്ധിച്ചാണ് അത്. സീ തമിഴ് ആണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധാനം. വെങ്കട് പ്രഭുവും വിജയ്‍യും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്. വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്.

മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. തമിഴ് സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള സംവിധായകരില്‍ ഒരാളാണ് വെങ്കട് പ്രഭു. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ALSO READ : ബിജിബാലിന്‍റെ സംഗീതം; 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' വീഡിയോ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!