ഹനു-മാൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് ശേഷം, ഋഷഭ് ഷെട്ടി സന്ദീപ് സിങ്ങിന്‍റെ പുതിയ ചിത്രത്തിൽ ഛത്രപതി ശിവാജി മഹാരാജായി അഭിനയിക്കും. 2027 ജനുവരി 21നാണ് ചിത്രം റിലീസ് പ്രതീക്ഷിക്കുന്നത്.
മുംബൈ: ഹനു-മാൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ജയ് ഹനുമാനായി എത്തുന്ന നടന്‍ ഋഷഭ് ഷെട്ടി സന്ദീപ് സിങ്ങിന്‍റെ അടുത്ത ഹിസ്റ്റോറിക്കല്‍ ബയോപിക് ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജിൽ ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റലുക്കില്‍ ഛത്രപതി ശിവാജി മഹാരാജായി കൈയിൽ വാളുമായി ഋഷബ് നില്‍ക്കുന്നത് കാണാം.
സന്ദീപ് സിംഗ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ഹിസ്റ്റോറിക്കല്‍ പടത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചു. “ഞങ്ങളുടെ ബഹുമാനവും പദവിയും തിരിച്ചുപിടിച്ച ഇന്ത്യയുടെ മഹാനായ യോദ്ധാവിന്‍റെ ഇതിഹാസമായ കഥ അവതരിപ്പിക്കുന്നു - ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്. ഇത് വെറുമൊരു സിനിമയല്ല എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയും ശക്തനായ മുഗൾ സാമ്രാജ്യത്തിന്‍റെ ശക്തിയെ വെല്ലുവിളിക്കുകയും ഒരിക്കലും മറക്കാനാവാത്ത ഒരു പൈതൃകം കെട്ടിപ്പടുക്കുകയും ചെയ്ത ഒരു യോദ്ധാവിനെ ആദരിക്കുന്നതിനുള്ള സന്നാഹമാണ്" സന്ദീപ് സിംഗ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതി.
2027 ജനുവരി 21നായിരിക്കും ചിത്രം റിലീസാകുക എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അതേ സമയം ചിത്രത്തില്‍ ഛത്രപതി ശിവാജിയായി എത്തുന്നതിനെക്കുറിച്ച് ഋഷഭ് ഷെട്ടി പ്രസ്താവനയിലൂടെ പ്രതികരിച്ചു. “ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രം സന്ദീപിന്‍റെ കാഴ്ചപ്പാടില്‍ ഈ ചിത്രം വളരെ ഗംഭീരമായിരുന്നു, ഈ സിനിമ കേള്‍ക്കുമ്പോള്‍ ഞാൻ കണ്ണിമ ചിമ്മാതെ ഇരുന്നു, അവസാനം യെസ് പറഞ്ഞു. ഭാരതത്തിന്‍റെ അഭിമാനമായ ഛത്രപതി ശിവാജി മഹാരാജ് വാക്കുകൾക്ക് അതീതമാണ്. ചരിത്രത്തെ മറികടക്കുന്ന ഒരു ദേശീയ നായകനാണ് അദ്ദേഹം, അദ്ദേഹത്തിന്‍റെ കഥ സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു" എന്നാണ് ഋഷഭ് പറഞ്ഞത്.
undefined
ഇപ്പോള്‍ കാന്താര പ്രീക്വല്‍ എടുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു ചിത്രമാണ് കാന്താര. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. കാന്താര പ്രീക്വലിന് കാന്താര ചാപ്റ്റര്‍ 1 എന്നാണ് പേര്. ചിത്രത്തിന്‍റെ റിലീസ് തീയതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു. മോഹൻലാലും കാന്താരയുടെ തുടര്‍ച്ചയില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായെങ്കിലും സ്ഥിരീകരണമില്ല.
കാന്താര 2022 സെപ്‍തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്‍ക്ക് ഗുണമായത്. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‍നാഥായിരുന്നു സംഗീതം നിര്‍വഹിച്ചത്.
കാന്താര രണ്ടില്‍ ആരൊക്കെ ഉണ്ടാകും?, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ഋഷഭ് ഷെട്ടി