14 വര്‍ഷം മുന്‍പ് 55 കോടി ബജറ്റ്; പ്രധാന കഥാപാത്രമായി പൃഥ്വിരാജും; ആ ചിത്രം നാളെ തിയറ്ററുകളിലേക്ക്

By Web Team  |  First Published Apr 16, 2024, 5:35 PM IST

ഹിന്ദിയിലും തമിഴിലുമായി 2010 ല്‍ പുറത്തെത്തിയ ചിത്രം


തമിഴ് സിനിമയില്‍ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. പുതിയ ചിത്രങ്ങള്‍ കാര്യമായി ഇല്ലാത്തതും എത്തിയ ചിത്രങ്ങള്‍ വിജയം കാണാത്തതുമായ സാഹചര്യമാണ് ഈ വര്‍ഷം തമിഴ് സിനിമയില്‍. തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് ഈ വര്‍ഷം പ്രേക്ഷകരെ കാര്യമായി എത്തിച്ചത് മലയാള സിനിമകളാണ്. ഒപ്പം ചില തമിഴ് റീ റിലീസുകളും. വിജയ് ചിത്രം ഗില്ലി റീ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 20 നാണ് ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ അതിന് മുന്‍പുതന്നെ മറ്റൊരു ശ്രദ്ധേയ ചിത്രത്തിന്‍റെ റീ റിലീസും നടക്കും.

മണി രത്നത്തിന്‍റെ സംവിധാനത്തില്‍ ഹിന്ദിയിലും തമിഴിലുമായി 2010 ല്‍ പുറത്തെത്തിയ രാവണ്‍/ രാവണന്‍റെ തമിഴ് പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഹിന്ദി പതിപ്പില്‍ ഐശ്വര്യ റായ്‍യും വിക്രവും അഭിഷേക് ബച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ തമിഴ് പതിപ്പില്‍ ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് എന്നിവര്‍ ആയിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 55 കോടി ബജറ്റില്‍ തയ്യാറാക്കപ്പെട്ട ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പരാജയപ്പെട്ടെങ്കില്‍ തമിഴ് പതിപ്പ് പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചു. 

Latest Videos

undefined

മണി രത്നം രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധാനം ചെയ്തിരിക്കുന്ന എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്‍റെ റീ റിലീസ് നാളെയാണ് (ഏപ്രില്‍ 17). അതേസമയം ലിമിറ്റഡ് റീ റിലീസ് ആണ് ചിത്രത്തിന്. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ചിത്രത്തിന് തിയറ്ററുകളുണ്ട്. അതേസമയം മണി രത്നത്തിന്‍റെ അടുത്ത ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകന്‍. തഗ് ലൈഫ് എന്നാണ് ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

ALSO READ : 'എനിക്ക് ആ വീട്ടില്‍ ആരെയും കാണേണ്ട'; കണ്‍ഫെഷന്‍ റൂമില്‍ പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!