അന്നപൂര്‍ണി നെറ്റ്ഫ്ലിക്സില്‍ നിന്നും ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് പാർവതി തിരുവോത്ത്

By Web Team  |  First Published Jan 11, 2024, 7:00 PM IST

നെറ്റ്ഫ്ലിക്സിൽ നിന്ന് അന്നപൂര്‍ണി ഒഴിവാക്കിയ നിര്‍മ്മാതക്കളുടെ നടപടിയില്‍ പ്രതികരിച്ചുകൊണ്ട് പാർവതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രതികരിച്ചു.


ചെന്നൈ: നയന്‍താര നായികയായ  'അന്നപൂരണിയുമായി' ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട വിവാദം കത്തിപ്പടരുകയാണ്. സിനിമയിലെ ചില രംഗങ്ങള്‍ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഉയര്‍ന്ന ആരോപണം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഡിസംബര്‍ 29ന്  നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസായി എത്തിയ ചിത്രം പിന്‍വലിച്ചു. 

ഇപ്പോൾ നടി പാർവതി തിരുവോത്ത് ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ നിന്ന് അന്നപൂര്‍ണി ഒഴിവാക്കിയ നിര്‍മ്മാതക്കളുടെ നടപടിയില്‍ പ്രതികരിച്ചുകൊണ്ട് പാർവതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രതികരിച്ചു.

Latest Videos

“അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കപ്പെടുകയാണ്.ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത രീതിയില്‍ ഇടത് നിന്നും വലത് നിന്നും 'സെന്‍ററില്‍'നിന്നും സെന്‍സറിംഗ് നടക്കുന്നു".അതേ സമയം സ്വന്തം ചിത്രം വിവാദമായതില്‍ നടി  നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസ് എടുത്തു. നെറ്റ് ഫ്ലിക്സിലെ അന്ന പൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട്  മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. സിനിമയ്ക്കെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ 'അന്നപൂരണി' നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തിരുന്നു.

ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ്. 

അന്നപൂരണി മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസില്‍ പരാതിയെത്തിയിരുന്നു. മുംബൈ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത് ഹിന്ദു ഐടി സെല്‍ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഡിസംബര്‍ 1 ന് ആയിരുന്നു. തിയറ്ററില്‍ കാര്യമായി ശ്രദ്ധ നേടാതിരുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 29 ന് ആയിരുന്നു. ഒടിടിയില്‍ എത്തിയതിന് പിന്നാലെ ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി ചില കോണുകളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ആരംഭിച്ചിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി എത്തിയത്. 

ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാല്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ അവള്‍ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് അന്നപൂരണി നിസ്കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്. 

മതവികാരം വ്രണപ്പെടുത്തി; നയൻതാരയുടെ 'അന്നപൂരണി' നീക്കി നെറ്റ്ഫ്ലിക്സ്!

'രാമൻ മാംസാഹാരവും കഴിച്ചിരുന്നു'; നയന്‍താരയുടെ 'അന്നപൂരണി' സിനിമാ വിവാദം; പ്രതികരിച്ച് കോണ്‍ഗ്രസ് എംപി

click me!