റീ റിലീസ് തീരുമാനം പാളിയോ? 'പാലേരി മാണിക്യം' 4കെയില്‍ എത്തിയപ്പോള്‍ തണുപ്പന്‍ പ്രതികരണം

By Web Team  |  First Published Oct 6, 2024, 10:54 AM IST

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ആണ് റീ റിലീസ്. മലയാളത്തിലും സമീപകാലത്ത് റീ റിലീസുകള്‍ സംഭവിച്ചിരുന്നു


റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു. 15 വര്‍ഷത്തിന് ഇപ്പുറമാണ് 4കെ, അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് ചിത്രം വീണ്ടും എത്തിയത്. ഒക്ടോബര്‍ 4 വെള്ളിയാഴ്ചയായിരുന്നു റിലീസ്.

എന്നാല്‍ ആദ്യദിനം തന്നെ റീ റിലീസിനോട് കാണികള്‍ക്കുള്ള സമീപനം വ്യക്തമായി. പ്രധാന സെന്‍ററുകളിലൊക്കെ ഏറ്റവും മികച്ച തിയറ്ററുകളടക്കം ചിത്രത്തിനായി ചാര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര പ്രേക്ഷകര്‍ എത്താത്തതിനാല്‍ പല തിയറ്ററുകളിലും ഷോകള്‍ റദ്ദാക്കപ്പട്ടു. തുടര്‍ ഷോകളിലും ഇത് ആവര്‍ത്തിച്ചതിനാല്‍ പല തിയറ്ററുകളും ചിത്രം ഒഴിവാക്കിയിട്ടുമുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലെക്സ്, എറണാകുളം ഷേണായ്സ്, എറണാകുളം സംഗീത തുടങ്ങിയ തിയറ്ററുകളൊക്കെ അക്കൂട്ടത്തില്‍ പെടുന്നു.

Latest Videos

undefined

ഇറങ്ങിയ കാലത്ത് സിനിമാപ്രേമികളുടെ ചര്‍ച്ചാവിഷയമായ ചിത്രമാണ് ഇത്. ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്കും മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും നേടിയിരുന്നു. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ മമ്മൂട്ടി നിറഞ്ഞാടിയത്. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.

ALSO READ : അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!