Oscar Ceremony : ഓസ്‍കർ പ്രഖ്യാപനത്തിന് ഒരാഴ്‍ച മാത്രം, ചരിത്രമാകാൻ പോകുന്ന പുതുമകൾ, ചടങ്ങ് മാർച്ച് 28ന്

By P R Vandana  |  First Published Mar 21, 2022, 7:59 AM IST

ലോകം കാത്തിരിക്കുന്ന സിനിമ അവാര്‍ഡ് പ്രഖ്യാപനമാണ് ഓസ്‍കര്‍. ഓസ്‍കറില്‍ മികച്ച ചിത്രം ഏതായിരിക്കും? മികച്ച നടനാര്? മികച്ച നടിയാര്?. ഇത്തവണത്തെ പുതുമകള്‍ എന്തൊക്കെ?.  ഓസ്‍കറിനെ കുറിച്ചുള്ള ആരാധകരുടെ അന്വേഷണങ്ങളാണ് 'ഗൂഗിള്‍ തിരച്ചിലുകളില്‍' ട്രെൻഡിംഗ്. മാര്‍ച്ച് 28ന് ഓസ്‍കര്‍ പ്രഖ്യാപാനിരിക്കേ എല്ലാ വിശേഷങ്ങളുമായി പി ആര്‍ വന്ദനയുടെ കോളം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ തുടങ്ങുന്നു.  പി ആര്‍ വന്ദന അവതരിപ്പിക്കുന്ന 'ഓസ്‍കര്‍ ഗോസ് ടു' എന്ന പ്രത്യേക പരിപാടിയും ഇന്നുമുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ കാണാം.


ഇക്കൊല്ലത്തെ ഓസ്‍കർ (Oscar) പ്രഖ്യാപത്തിന് ഇനി ഒരാഴ്ച. ഈ മാസം 28ന് രാവിലെയാണ് (ഇന്ത്യൻ സമയം) പ്രഖ്യാപനം. 2011ന് ശേഷം ഇതാദ്യമായി ഒന്നിൽ കൂടുതൽ അവതാരകരുണ്ടാകും എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും ആണ് അവതാരകർ. നോമിനേഷനുകളിൽ തന്നെയുള്ള പ്രത്യേകതകൾ ടെലിവിഷൻ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുമെന്നാണ് അക്കാദമി പ്രതീക്ഷിക്കുന്നത്.

ഇക്കുറി 12 നോമിനേഷനുകളുമായി മത്സരത്തിൽ മുന്നിലുള്ള 'ദ പവർ ഓഫ് ദ ഡോഗി'ലൂടെ ജേയ്ൻ കാംപിയോൺ സംവിധാന മികവിന് രണ്ട് തവണ നോമിനേഷൻ കിട്ടുന്ന ആദ്യവനിതയായി. ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്യപ്പെടുന്ന കറുത്ത വംശജനായ അഭിനേതാവായി ഡെൻസൽ വാഷിങ്‍ടൺ. 'ദ ട്രാജഡി ഓഫ് മാക്ബത്തി'ലെ പകർന്നാട്ടത്തിന് അദ്ദേഹത്തിന് ലഭിച്ചത് പത്താമത്തെ നോമിനേഷനാണ്.

Latest Videos

undefined

ഒരേ വർഷം മികച്ച താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ എത്തുന്ന ആറാമത്തെ ദമ്പതികളായി ഹോളിവുഡിലെ സ്‍പാനിഷ് പവ‍ർ‍കപിൾ യാവിയർ ബാർദെമും പെനിലോപി ക്രൂസും. 'ദ പവർ ഓഫ് ദ ഡോഗി'ൽ ഭാര്യയും ഭർത്താവുമായി മിന്നിച്ച് സഹതാരങ്ങളുടെ പട്ടികയിലിടം നേടിയ ക്രിസ്റ്റൻ ഡൺസ്റ്റും ജെസ്സി പ്ലെമൺസും തിരശ്ശീലക്കു പുറത്തും പങ്കാളികളാണ്.

'കോഡ', അഥവാ 'child of deaf adults', ആപ്പിൾ ഒറിജിനൽ ഫിലിംസ് വകയായി ഇതാദ്യമായി മികച്ച സിനിമക്കുള്ള ചുരുക്കപ്പെട്ടികയിൽ എത്തിയ ചിത്രമാണ്. പ്രധാനകഥാപാത്രങ്ങളെല്ലാം ബധിരരായ താരങ്ങൾ അവതരിപ്പിക്കുന്ന ആദ്യചിത്രവും ഇതുതന്നെ. ചിത്രത്തിലെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോയ് കോട്‍സർ ഓസ്‍കർ നോമിനേഷൻ കിട്ടുന്ന ആദ്യത്തെ ബധിരനടനാണ്. ഭാര്യയായി അഭിനയിക്കുന്ന മാർലി മാറ്റ് ലീൻ ഓസ്‍കർ നേടിയ ആദ്യബധിരനടിയുമാണ്.

വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്കുള്ള ഡാനിഷ് എൻട്രിയായ ഫ്ലീക്കിന് ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ, ബെസ്റ്റ് ആനിമേറ്റഡ് ഫീച്ചർ വിഭാഗങ്ങളിലും നോമിനേഷൻ ലഭിച്ചു. ഇങ്ങനെയൊന്ന് ഓസ്‍കർ ചരിത്രത്തിൽ തന്നെ ആദ്യമാണ്.  എല്‍ജിബിടി കമ്മ്യൂണിറ്റി എന്ന് ഉറക്കെ പ്രഖ്യാപിച്ച രണ്ട് മുഖ്യധാരാ താരങ്ങൾ ഓസ്‍കർ ചുരുക്കപ്പട്ടികയിലെത്തുന്നത് ഇതാദ്യമായാണ്, ക്രിസ്റ്റൻ സ്റ്റുവർട്ടും അരിയന്ന ഡെബോസും. മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള നോമിനേഷൻ വഴി കെന്നത്ത് ബ്രാനക്ക് ചരിത്രനേട്ടം സ്വന്തമാക്കുന്നു, ഇതുവരെ ബ്രാനക്ക് ആകെ ഏഴ് വിഭാഗങ്ങളിലായി നോമിനേഷൻ ചെയ്യപ്പെട്ടു.

ബ്രോഡ് വേ മ്യൂസിക്കൽ പ്രൊ‍‍ഡക്ഷനിൽ നിന്ന് രണ്ടാമതും സിനിമയാവുക, രണ്ടാമതും മികച്ച സിനിമക്കുള്ള നോമിനേഷൻ കിട്ടുക എന്ന അത്ഭുതമായിരിക്കുകയാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'. മികച്ച സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടുക എന്ന നേട്ടവുമായി കേറ്റ് ബ്ലാൻഷെറ്റുമുണ്ട്. വേറെയുമുണ്ട് ചുരുക്കപ്പട്ടികയിലെ പുതുമകൾ. ഓസ്‍കറില്‍ ചരിത്രമാകാൻ പോകുന്ന പുതുമകള്‍ക്കായി ഒരാഴ്‍ച കാത്തിരിക്കാം.

click me!