'ദുരന്ത ഭൂമിയിലെ ആ കാഴ്ച, ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു; ഉടന്‍ തീരുമാനമെടുത്തു'

By Web TeamFirst Published Aug 3, 2024, 11:45 AM IST
Highlights

ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈ പുഞ്ചിരിമറ്റം പ്രദേശങ്ങളില്‍ എത്തിയത്.

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖലകളില്‍ 3 കോടിയുടെ പദ്ധതികള്‍ തന്‍റെ ഫൗണ്ടേഷന്‍ വഴി നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍.  ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈന്യം അടക്കം എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈ പുഞ്ചിരിമറ്റം പ്രദേശങ്ങളില്‍ എത്തിയത്. തുടര്‍ന്നാണ് സൈന്യം നിര്‍മ്മിച്ച ബെയിലി പാലത്തിന് അടുത്ത് വച്ച് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്. 

Latest Videos

തനിക്ക് വൈകാരികമായ അടുപ്പമുള്ള സ്ഥലമാണ് ഇതെന്നും. മുന്‍പ് ഇവിടെ സ്ഥലം ഉണ്ടായിരുന്നെന്നും പറഞ്ഞ മോഹന്‍ലാല്‍ ഇന്ത്യകണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇവിടെ കണ്ടത്. അതിനാല്‍ തന്നെ ഇവിടുത്തെ പുനരധിവാസത്തിനായി തന്‍റെ ഫൗണ്ടേഷനായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ 3 കോടി പ്രഖ്യാപിക്കുന്നതായും മോഹന്‍ലാല്‍ അറിയിച്ചു. ഒപ്പം പൂര്‍ണ്ണമായും തകര്‍ന്ന വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടറും മോഹന്‍ലാലിനെ അനുഗമിക്കുകയും ചെയ്ത മേജര്‍ രവിയും വ്യക്തമാക്കി. തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് മേജര്‍ രവി പറ‌ഞ്ഞു.

താന്‍ അംഗമായ ടെറിറ്റോറിയല്‍ ആര്‍മിയാണ് ഇവിടെ ആദ്യം രക്ഷ പ്രവര്‍ത്തനത്തിന് എത്തിയ വിഭാഗം അതിനാല്‍കൂടിയാണ് ഒന്നരപതിറ്റാണ്ടോളമായി അതിന്‍റെ ഭാഗമായ താനും ഇവിടെ എത്തിയത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. 

സൈന്യം നിര്‍മ്മിച്ച് ബെയ്ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വളണ്ടിയര്‍മാരുമായി സംസാരിച്ചു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ കാണുന്നത്. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ട്. 11 മണിയോടെ മാധ്യമ പ്രവര്‍ത്തകരെയും മോഹന്‍ലാല്‍ കാണും. 

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ ഇന്ന് സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന്‍ നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു. 'വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്. 

ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താൻ പ്രാര്‍ഥിക്കുകയും ചെയ്യുന്നു', എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 

ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

വയനാട്ടില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണൽ മോഹന്‍ലാല്‍ എത്തി

click me!