10 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കോമ്പോ വീണ്ടും? ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍

By Web TeamFirst Published Sep 13, 2024, 2:25 PM IST
Highlights

എച്ച് വിനോദ് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം

സിനിമ ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന കാലമാണിത്. അതിനാല്‍ത്തന്നെ കാസ്റ്റിംഗില്‍ മറുഭാഷാ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ഒരു ട്രെന്‍ഡ് പോലുമാണ്. എന്നാല്‍ തമിഴ് സിനിമയെ അപേക്ഷിച്ച് മലയാളം താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പതിവ് എക്കാലവും ഉണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു. അത്തരത്തില്‍ ഒരു വന്‍ കോമ്പിനേഷന്‍ വീണ്ടും വരുന്നതായ സൂചനകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ അവസാന ചിത്രം ആയേക്കുമെന്ന് കരുതപ്പെടുന്ന ദളപതി 69 ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് സംഭവിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാവും ഇത്. നേരത്തെ 2014 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം ജില്ലയില്‍ വിജയ്‍യും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നിട്ടുള്ള മറ്റ് താരങ്ങള്‍ സിമ്രാനും മമിത ബൈജുവുമാണ്. സിമ്രാന്‍റെ കാസ്റ്റിംഗ് വാസ്തവമാണെങ്കില്‍ നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമായിരിക്കും ഇരുവരും സ്ക്രീന്‍ പങ്കിടുന്നത്. 

Latest Videos

എച്ച് വിനോദ് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വേളയില്‍ സിനിമാ ജീവിതം താന്‍ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് വിജയ് നല്‍കിയത്. ഇപ്പോള്‍ തിയറ്ററുകളിലുള്ള വെങ്കട് പ്രഭു ചിത്രം ഗോട്ടിന് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ശേഷം വിജയ് ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതേസമയം കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്കാണ്. കന്നഡ സിനിമയില്‍ നിന്നുള്ള നിര്‍മ്മാതാക്കളുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

ALSO READ : 'മിസ്റ്റര്‍ ബച്ചന്‍' മാത്രമല്ല, മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ ഒരേ ദിവസം ഒടിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!