മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സര്‍വൈവല്‍ ത്രില്ലര്‍
ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തുമ്പോള്‍ മികച്ച അഭിപ്രായം നേടിയാല്‍ ഭേദപ്പെട്ട സാമ്പത്തിക വിജയം നേടുമെന്നല്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാവുമെന്ന് ആരും കരുതിയിരുന്നില്ല. നിലവില്‍ ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ
ഈ സര്‍വൈവല്‍ ത്രില്ലര്‍. ഇപ്പോഴിതാ പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഒഫിഷ്യല്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ഈ ഒടിടി റിലീസ് എത്തുക. മെയ് 5 ന് അഞ്ച് ഭാഷകളില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. റിലീസ് തീയതി പ്രഖ്യാപിച്ചതോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്.
ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു അഭിമുഖത്തില്‍ ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. എന്നാല്‍ ചിത്രം ഏത് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുന്‍പായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു. റിലീസിന് ഒരു ദിവസം മുന്‍പ് മാത്രമാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതെങ്കിലും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടിയത്. ആദ്യദിനം തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടിയതോടെ ചിത്രം തിയറ്ററുകളിലെ കുതിപ്പ് തുടങ്ങി. തമിഴ്നാട്ടിലും മലയാള സിനിമയുടെ സീന്‍ മാറ്റി ഈ ചിത്രം. 50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടാനായി മഞ്ഞുമ്മല്‍ ബോയ്സിന്.
ALSO READ : അശോക് സെല്‍വന്‍ നായകന്‍; 'എമക്ക് തൊഴില്‍ റൊമാന്‍സ്' ടീസര്‍