ജനുവരി 18 ന് രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്
ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ടൈറ്റില്‍ ലുക്കും ലൊക്കേഷന്‍ എവിടെ എന്നതുമല്ലാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. കാസ്റ്റിംഗ് വിവരങ്ങളും അങ്ങനെ തന്നെ. എന്നാല്‍ ചിത്രത്തിനൊപ്പം ഭാഗമാവുന്ന താരങ്ങളില്‍ പലരും അക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പലപ്പോഴായി അറിയിച്ചിരുന്നു. ഇപ്പോഴിതാ രണ്ട് യാവതാരങ്ങള്‍ കൂടി ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യം വെളിപ്പെട്ടിരിക്കുകയാണ്.
മലയാളി നടന്‍ മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച മനോജ് മോസസിന് ആശംസകള്‍ നേര്‍ന്ന് വാലിബന്‍ ടീം ലൊക്കേഷനില്‍ ലളിതമായ ആഘോഷം സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാലിന്‍റെയും ലിജോയുടെയുമൊക്കെ സാന്നിധ്യത്തില്‍ പിറന്നാള്‍ കേക്ക് മുറിക്കുന്ന തന്‍റെ വീഡിയോ മനോജ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ബംഗാളി നടി കഥ നന്ദിയും ഈ ഫ്രെയിമില്‍ ഉണ്ട്. അതേസമയം ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിരവധി താരങ്ങളുടെ പേരുവിവരങ്ങള്‍ ഇതിനകം പുറത്തെത്തിയിട്ടുണ്ട്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍ എന്നിവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ജനുവരി 18 ന് രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രാജസ്ഥാനില്‍ത്തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ അപ്ഡേറ്റുകള്‍ വൈകാതെ പുറത്തെത്തുമെന്നാണ് കരുതപ്പെടുന്നത്.