മലയാളി സംവിധായകന്‍റെ ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറിയ താരം
സിനിമയിലെ ജയപരാജയങ്ങള്‍ എപ്പോഴും പ്രവചനാതീതമാണ്. അതേസമയം ചലച്ചിത്ര പ്രവര്‍ത്തകരെ സംബന്ധിച്ച് തങ്ങളുടെ കരിയര്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിന് തുടര്‍ വിജയങ്ങള്‍ അനിവാര്യവുമാണ്. പുതുകാലത്ത് സിനിമയില്‍ എത്തിപ്പെടാന്‍ എളുപ്പമാണ്. നിലനില്‍ക്കാനാണ് പ്രയാസം. ബോളിവുഡില്‍ ഒരു വിജയ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട് പിന്നീട് തുടര്‍ പരാജയങ്ങളിലൂടെ അപ്രത്യക്ഷനായ ഒരു താരം വീണ്ടും സിനിമയിലേക്ക് എത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സയീദ് അബ്ബാസ് ഖാന്‍ എന്ന സയീദ് ഖാന്‍ ആണ് അത്. നടന്‍ സഞ്ജയ് ഖാന്‍റെ മകനായ സയീദ് 2003 ലാണ് ബോളിവുഡില്‍ നടനായി അരങ്ങേറിയത്. മലയാളി സംവിധായകന്‍ സംഗീത് ശിവന്‍റെ സംവിധാനത്തിലെത്തിയ ചുരാ ലിയാ ഹേ തുംനേ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ഇഷ ഡിയോള്‍ നായകയായും എത്തിയ ചിത്രം പരാജയമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം എത്തിയ രണ്ടാം ചിത്രം സയീദിന് വലിയ ബ്രേക്ക് ആണ് നല്‍കിയത്. ഷാരൂഖ് ഖാനെ നായകനാക്കി ഫറാ ഖാന്‍ ഒരുക്കിയ മേ ഹൂം നാ ആയിരുന്നു ചിത്രം. 2004 ല്‍ ആഗോള ബോക്സ് ഓഫീസില്‍ 90 കോടിക്കടുത്ത് നേടിയ ചിത്രമാണിത്.
തുടര്‍ന്ന് നിരവധി അവസരങ്ങള്‍ സയീദിനെ തേടിയെത്തി. അവയില്‍ പലതും ആവേശത്തോടെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പിന്നീട് ശ്രദ്ധിക്കപ്പെടുന്ന ഒരു വിജയം നേടാന്‍ സയീദിന് സാധിച്ചില്ല. ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്ക് പ്രകാരം 2005 മുതല്‍ 2015 വരെയുള്ള 10 വര്‍ഷം കൊണ്ട് 13 പരാജയ ചിത്രങ്ങളാണ് സയീദിന്‍റേതായി പുറത്തെത്തിയത്. അപൂര്‍വ്വം ചിലതിന് മാത്രം ആവറേജ് കളക്ഷനും ലഭിച്ചു. 2015 ല്‍ പുറത്തിറങ്ങിയ ഷറാഫത്ത് ഗയി തേല്‍ ലേനേയും പരാജയമായതിനെത്തുടര്‍ന്ന് അദ്ദേഹം സിനിമ മതിയാക്കി.
പരാജയകാലത്തെക്കുറിച്ച് കുറച്ചുകാലം മുന്‍പ് അദ്ദേഹം മനമസ് തുറന്നിരുന്നു- ഒരുപാട് പേരില്‍ നിന്ന് ഞാന്‍ നോ കേട്ടിരുന്നു. ഒരു താരമായിരുന്നു ഞാനെന്ന് പോലും ഞാന്‍ മറന്നുപോയി, സയീദിന്‍റെ വാക്കുകള്‍. അതേസമയം സിനിമ വിട്ടപ്പോഴും ആഡംബര ജീവിതം നയിക്കാനുള്ള സ്ഥിതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. നിരവധി ബിസിനസുകളില്‍ നിക്ഷേപമുള്ള സയീദിന്‍റെ ആകെ സമ്പാദ്യം 1500 കോടി വരുമെന്നാണ് എബിപി ലൈവിന്‍റെ ഒരു റിപ്പോര്‍ട്ട്. അതേസമയം ഏറെ പ്രിയപ്പെട്ട സിനിമയിലേക്ക് വീണ്ടും എത്താനുള്ള ഒരുക്കത്തിലാണ് സയീദ്. ഇന്‍സ്റ്റഗ്രാമിലൂടെ അത് സംബന്ധിച്ച സൂചന ഒരിക്കല്‍ അദ്ദേഹം പങ്കുവച്ചിരുന്നുവെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല.
ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു