'ജൂണ്‍' സംവിധായകന്‍റെ പുതിയ ചിത്രം
ജോജു ജോര്‍ജ് (Joju George) നായകനായെത്തിയ 'മധുരം' (Madhuram) സിനിമയ്ക്ക് ആസ്വാദനവുമായി പ്രശസ്‍ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി (Raghunath Paleri). ജീവിത വെളിച്ചെണ്ണയിൽ നൂലുപോലെ വട്ടത്തിൽ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബിപോലെ സ്നേഹ മധുരമാണ് ഈ ചിത്രമെന്ന് രഘുനാഥ് പലേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'മധുര'ത്തെക്കുറിച്ച് രഘുനാഥ് പലേരി
"കാശ് വരും പോകും. പിന്നെ ഒരൊറ്റപ്പോക്ക് പോകും. പിന്നെ വരുകേല." ഊളിയിട്ടു പറക്കുന്ന പരൽ മീനുകളുടെ പടപടേന്നുള്ള വെട്ടിക്കൽ പോലെയാണ് നർമ്മവും സ്നേഹവും വന്നു വീഴുക. ക്യാച്ച് ചെയ്യാൻ പറ്റിയാൽ പറ്റി. ഇല്ലങ്കിൽ നഷ്ടമാണ്. നർമ്മം പാഴാക്കുന്നത് സഹിക്കാൻ പറ്റില്ല. ജീവിതം പഴായി പോയാൽ പിന്നേം സഹിക്കാം. മധുരമീ "മധുരം" സിനിമ. തിളയ്ക്കുന്ന ജീവിത വെളിച്ചെണ്ണയിൽ നൂലുപോലെ വട്ടത്തിൽ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബിപോലെ സ്നേഹ മധുരം.
ഒടിടിയിലൂടെ എത്തിയ ഇത്തവണത്തെ മലയാളം ക്രിസ്‍മസ് റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മധുരം. പ്രേക്ഷകശ്രദ്ധ നേടിയ 'ജൂണ്‍' എന്ന ചിത്രത്തിനുശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഇന്ദ്രന്‍സ്, അര്‍ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍, നിഖില വിമല്‍, ജഗദീഷ്, ലാല്‍, ജാഫര്‍ ഇടുക്കി, നവാസ് വള്ളികുന്ന്, ഫഹീം സഫര്‍, ബാബു ജോസ്, മാളവിക ശ്രീനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ആഷിക് ഐമറും ഫഹീം സഫറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.