മറ്റൊരു നടന് പറഞ്ഞ വേഷം,നിയോ​ഗം പോലെ മോഹൻരാജിലേക്ക്,അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാ 'കീരിക്കാടൻ ജോസ്' ആകാനാവുക

By Web TeamFirst Published Oct 3, 2024, 8:45 PM IST
Highlights

മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്കിലും മോഹൻരാജ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

‘ആറടി ഉയരവും മുട്ടോളം നീണ്ട കൈകളും കരിങ്കല്ലിന്റെ കാഠിന്യമുള്ള മനസ്സുമായി കീരിക്കാടൻ ജോസ്. മുറിച്ചിട്ടാൽ മുറികൂടുന്ന ജോസ്! തട്ടിമാറ്റിയിട്ടും മാറാത്ത കിരീടവുമായി സേതുമാധവൻ’, കാലങ്ങൾക്ക് മുൻപ് കിരീടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പോസ്റ്റർ വാചകം. മോഹൻലാൽ നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുന്നു. റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ നായകനൊപ്പം വില്ലനും തരം​ഗമായി. 

സ്ക്രീനിൽ ക്രൂരമുഖവും ചോരക്കണ്ണുമുള്ള കീരിക്കാടനെ കണ്ട പ്രേക്ഷകർ ഭീതിയോടും വെറുപ്പോടും കൂടിയായിരുന്നു ആദ്യം അദ്ദേഹത്തെ സമീപിച്ചത്. മോഹൻലാലിന്റെ ​ഗംഭീര പ്രകടനം പ്രേക്ഷനിൽ നിന്നും പ്രേക്ഷകനിലേക്ക് എത്തി. എന്നാൽ പിന്നീട് കഥ മാറി. അതുവരെ കണ്ട് പരിചയമില്ലാത്ത, വില്ലൻ പരിവേഷത്തിന് പുതിയ മാനം നൽകിയ വില്ലനെക്കൂടി കാണാൻ ജനങ്ങൾ തിയറ്ററുകളിൽ എത്തുകയായിരുന്നു. ഒരുപക്ഷേ സേതുവിനോട് മലയാളിക്ക് ഇത്ര ഇഷ്ടം കൂടാൻ കാരണം കീരിക്കാടൻ ജോസിനോടുള്ള എന്തെന്നില്ലാത്ത പകയാണ്. ആ കഥാപാത്രത്തെ അവിസ്മരണിയമാക്കിയത് ആകട്ടെ പ്രിയ നടൻ മോഹൻരാജും. 

Latest Videos

ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ സ്ക്രീനിൽ കാണുമ്പോൾ മലയാളികളുടെ മനസിൽ തെളിയുന്നത് കീരിക്കാടൻ ജോസ് എന്ന പേര് മാത്രമാണ്. പലർക്കും മോഹൻരാജ് എന്നാണ് താരത്തിന്റെ പേര് എന്നത് പോലും അറിയില്ല. അത്രയ്ക്കുണ്ട് മോഹൻരാജ് ആ കഥാപാത്രത്തിൽ ചെയ്തുവച്ചത്. ഒരിക്കലും സിനിമ സ്വപ്നം കണ്ട് വെള്ളിത്തിരയിൽ എത്തിയ ആളായിരുന്നില്ല മോഹൻരാജ്. 

അപ്രതീക്ഷിതമായിട്ടായിരുന്നു എല്ലാം സംഭവിച്ചത്. കരസേന, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റുകളിൽ ജോലി ചെയ്ത ആളായിരുന്നു മോഹൻരാജ്. മൂന്നാംമുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. എന്‍ഫോഴ്സ്മെന്റിൽ ജോലി ചെയ്യവെ ആയിരുന്നു കിരീടത്തിലെ ഓഫർ അദ്ദേഹത്തെ തേടി എത്തിയത്. ചിത്രം ഹിറ്റായതിനൊപ്പം നായനും വില്ലനും സൂപ്പർ ഹിറ്റ്. പിന്നീട് മോഹൻരാജ് മലയാളത്തിലെ വില്ലന്മാരിൽ പ്രധാനിയായി. ആറാം തമ്പുരാനിലും നരസിംഹത്തിലും നരനിലും മോഹൻലാലിനൊപ്പം മോഹൻരാജ് വീണ്ടും തിളങ്ങി. 

കീരിക്കാടൻ ജോസ് ആകാൻ ആദ്യം നിശ്ചയിച്ചിരുന്നത് മറ്റൊരു നടനെ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന് എത്താൻ പറ്റാതായതോടെ വേഷം മോഹൻരാജിലേക്ക് എത്തുകയായിരുന്നു. അക്കഥയെ കുറിച്ച് മോഹൻരാജ് ബഡായി ബം​ഗ്ലാവിൽ മുൻപ് പറഞ്ഞത് ഇങ്ങനെ,

'സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ, ഇന്നലത്തെപ്പോലെ ഓർക്കുന്നു'

 "മൂന്നാംമുറയിലൂടെയാണ് സംവിധായകൻ കലാധരനുമായി പരിചയം. ജോലിയിലിരിക്കെ എന്നെ വിളിച്ച് നാട്ടിൽ വരണം എന്ന് പറഞ്ഞു. എന്നെയും കൊണ്ട് നേരെ സിബി മലയിലിന്റെ അടുത്തേക്ക്. അവിടുന്ന് ലോഹിതദാസിനെ കാണാനും പോയി. ഒരുനിമിഷം അദ്ദേഹം എന്നെ നോക്കി. അത്രതന്നെ. കലാധരൻ ആണ് എനിക്ക് കിരീടത്തിൽ വേഷമുണ്ടെന്ന് ആദ്യം പറയുന്നത്. എനിക്ക് വിശ്വസിക്കാനും പറ്റിയില്ല. കാരണം കന്നഡ നടൻ പ്രദീപ് ശക്തി എന്ന താരത്തെ വില്ലനായി നിശ്ചയിച്ചിരുന്നതാണ്. പക്ഷേ പുള്ളിക്ക് അഭിനയിക്കാൻ പറ്റിയില്ല. ആ വേളയിലാണ് നിയോ​ഗം പോലെ സിബി മലയിലും സംഘവും എന്നെ കാണുന്നത്. എന്നെ കണ്ടതും അവരുടെ മൈന്റ് മാറി. ആ സമയത്ത് കൊച്ചിൻ ഹനീഫ കാസ്റ്റിങ്ങിൽ ഇല്ലായിരുന്നു. ഇന്റർവെൽ ഫൈറ്റ് ആയിരുന്നു ആദ്യം. അപ്പോഴേക്കും പാസ് മാർക്ക് തന്നു. ശേഷം പടം ഇറങ്ങി. കോഴിക്കോട് നിന്നപ്പോൾ 25 ദിവസമായി സിനിമ റിലീസ് ചെയ്തിട്ടെന്ന് അറിഞ്ഞു. പിന്നീട് അൻപത്. പിന്നെ അങ്ങ് പോയി ദിവസങ്ങൾ. എനിക്ക് തന്നെ അത്ഭുതം തോന്നി. സിനിമയിൽ ഞാനാണോ അതോ വേറെ ആളാണോ എന്ന് അഭിനയിച്ചത് എന്ന് തോന്നിപ്പോയി", എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്കിലും മോഹൻരാജ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറമെ കടമറ്റത്ത് കത്തനാർ, മൂന്നുമണി, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചിറകൊടിഞ്ഞ കിനാവുകൾ, റോഷാക്ക് എന്നിവയായിരുന്നു അവസാനമായി പുറത്തിറങ്ങിയ മോഹൻരാജിന്റെ സിനിമകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!