2024 ജൂൺ 13ന് തിയറ്ററുകളിൽ എത്തിയ ചിത്രം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ 'ഗര്‍ര്‍ര്‍' ആണ് ആ ചിത്രം. തിയറ്ററിൽ പൊട്ടിച്ചിരിപ്പിച്ച ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുക. ഓഗസ്റ്റ് 20ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
പൃഥ്വിരാജ് നായകനായി എത്തിയ ഹൊറര്‍- മിസ്റ്ററി ത്രില്ലര്‍ ചിത്രം എസ്രയ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്ത ചിത്രമാണ് ഗര്‍ര്‍ര്‍. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം 2024 ജൂൺ 13ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ഏറെ രസരകമായി അണിയിച്ചൊരുക്കിയ ചിത്രം തിയറ്ററില്‍ പൊട്ടിച്ചിരി നിറച്ചിരുന്നു.
സുരാജ് വെഞ്ഞാറമൂടിനും കുഞ്ചാക്കോ ബോബനും ഒപ്പം മോജോ എന്നൊരു സിംഹവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോളിവുഡ്, ഹോളിവുഡ് സിനിമകളിലൂടെ അഭിനയിച്ച ശ്രദ്ധനേടിയ സിംഹമാണ് മോജോ. ദര്‍ശന്‍ എന്നാണ് ഗര്‍ര്‍ര്‍ സിനിമയില്‍ മോജോയുടെ പേര്. ചിത്രത്തിനായി സിംഹത്തെ പരിശീലിപ്പിക്കുന്നതും അതിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്‍റെ വീഡിയോകളും ഫോട്ടോകളും നേരത്തെ പുറത്തുവന്നിരുന്നു. ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
ചാവേര്‍ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ അർജുൻ അശോകൻ, ആൻ്റണി വർഗീസ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആക്ഷന് പ്രധാന്യമുള്ള ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..